
ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഉയരുന്നത് ആരോഗ്യ, സാമ്പത്തിക അപകടസാധ്യതകള്‍ നേരിടുന്നതിന് കാരണമാകുന്നെന്നും സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം ഇത് കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നും സന്നദ്ധ സംഘടന സങ്കല ഫൗണ്ടേഷന്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിതി ആയോഗ്, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നവയുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ സ്ഥാപനങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ അവരുടെ അഭിപ്രായങ്ങള്‍ നല്‍കിയിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 20.8 ശതമാനം (347 ദശലക്ഷം) വയോധികരാകുമെന്നും സാമ്പത്തിക പരാധീനത, സാമൂഹിക ഒറ്റപ്പെടല്‍, അപര്യാപ്തമായ ആരോഗ്യ സംരക്ഷണ സഹായം എന്നിവ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവം വയോധികരെ കൂടുതല്‍ സാമ്പത്തിക പരാധീനതയിലേക്ക് നയിക്കുന്നെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സെക്രട്ടറി ജനറലും സിഇഒയുമായ ഭരത് ലാല്‍ പറയുന്നു. വൃദ്ധരായ 70 ശതമാനം പേരും അതിജീവനത്തിനായി കുടുംബത്തെയോ, പെന്‍ഷനെയോ ആശ്രയിക്കുന്നു. ഇവരില്‍ അഞ്ചിലൊരാള്‍ക്ക് വിട്ടുമാറാത്ത ഒരു രോഗമെങ്കിലും ഉണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് പ്രായമായവരെ പ്രത്യേകിച്ച് വരുമാനമില്ലാത്തവരെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.
രാജ്യത്തെ ആരോഗ്യ സംവിധാനം ശിഥിലമാണെന്നും വരും ദശകങ്ങളില്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യാപരമായ മാറ്റത്തിന് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നിരക്ഷരത, വരുമാന അരക്ഷിതാവസ്ഥ, യുവാക്കള്‍ ജോലിക്കായി കുടിയേറുകയും അണുകുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പരമ്പരാഗത കുടുംബാധിഷ്ഠിത പരിചരണത്തകര്‍ച്ച എന്നിവ നേരിടുന്നു.
കേരളം, ഗോവ, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രായമായവരുടെ ജനസംഖ്യ ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാല്‍ ഇവിടങ്ങളില്‍ പ്രശ്നം രൂക്ഷമാകും. തമിഴ്നാട്ടില്‍ 15 ശതമാനത്തിലധികം പേര്‍ ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുന്നു. നാഗാലാന്റില്‍ 13, തെലങ്കാനയില്‍ 10% വീതം ഒറ്റയ്ക്ക് ജീവിക്കുന്നു. ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്, 1.2%. രക്തസമ്മര്‍ദ് നിരക്ക് ഏറ്റവും കൂടുതല്‍ ഗോവയിലും (56%) കുറവ് നാഗാലാന്റിലും (14%).
പ്രാഥമിക വിദ്യാഭ്യാസം നേടിയ വയോധികരുടെ ശതമാനം കേരളത്തില്‍ ഏറ്റവും കൂടുതലാണ്, 84%. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ജമ്മു കശ്മീരാണ് മുന്നില്‍ (54%). സംയോജിത ആരോഗ്യ, പോഷകാഹാര പരിപാടികള്‍ മുതല്‍ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍, ദീര്‍ഘകാല പരിചരണം എന്നിവയടക്കമുള്ള സമഗ്രമായ ഇടപെടല്‍ പഠനം ശുപാര്‍ശ ചെയ്യുന്നു. പ്രായമായവര്‍ക്കുള്ള മാനസികാരോഗ്യം, പുനരധിവാസം, പാലിയേറ്റീവ് സേവനങ്ങള്‍ എന്നിവയില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.