6 December 2025, Saturday

യുഎസ് സെെനിക താവളങ്ങള്‍ വേണ്ട; റഫറണ്ടം ഇക്വഡോര്‍ വോട്ടര്‍മാര്‍ തള്ളി

Janayugom Webdesk
ക്വിറ്റോ
November 17, 2025 10:24 pm

യുഎസ് സൈനിക താവളങ്ങൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് ഇക്വഡോര്‍ വോട്ടര്‍മാര്‍. ഞായറാഴ്ച നടന്ന റഫറണ്ടത്തിൽ ഏകദേശം 65% വോട്ടര്‍മാരും വിദേശ സൈനിക സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഡൊണാള്‍‍‍ഡ് ട്രംപിന്റെ സഖ്യകക്ഷിയായ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേൽ നൊബോവയ്ക്ക് തിരിച്ചടിയാണ് ഫലങ്ങള്‍. പസഫിക് തീരത്തെ മാന്ത വ്യോമതാവളത്തിലേക്കുള്ള യുഎസ് സൈന്യത്തിന്റെ പുനഃപ്രവേശന സാധ്യതയെ തടയുക മാത്രമല്ല, ഇക്വഡോറിന്റെ വർധിച്ചുവരുന്ന സുരക്ഷാ പ്രതിസന്ധിയിൽ ബാഹ്യ ഇടപെടലുകളോടുള്ള പൊതുജനങ്ങളുടെ ജാഗ്രതയും വോട്ടെടുപ്പ് ഫലം എടുത്തുകാണിക്കുന്നു.
അടുത്തിടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയ നൊബോവ, ഡൊണാൾഡ് ട്രംപുമായി സുരക്ഷാ സഖ്യം രൂപപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ഇന്ധന സബ്‌സിഡികളെച്ചൊല്ലിയുള്ള അതൃപ്തി, വിദേശ ബന്ധങ്ങള്‍ ദേശീയ പരമാധികാരത്തെ ഇല്ലാതാക്കുമെന്ന വ്യാപകമായ ആശങ്കകൾ എന്നിവ നൊബോവയുടെ ജനപ്രീതിയില്‍ വിള്ളലുണ്ടാക്കിയെന്ന് റഫറണ്ടം തെളിയിച്ചു.
കരീബിയൻ, പസഫിക് എന്നിവിടങ്ങളിലെ യുഎസ് വ്യോമാക്രമങ്ങള്‍ ഉള്‍പ്പെടെ യുഎസ്-ഇക്വഡോർ സഹകരണം മേഖലയില്‍ പിരിമുറക്കം സൃഷ്ടിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. രാഷ്ട്രീയ പാർട്ടികൾക്കുള്ള പൊതു ധനസഹായം അവസാനിപ്പിക്കുക, നിയമനിർമ്മാതാക്കളുടെ എണ്ണം കുറയ്ക്കുക, പുതിയ ഭരണഘടന തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കുക എന്നീ ചോദ്യങ്ങളിലും ഹിതപരിശോധന നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.