
ടി20 ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങൾ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബസിബി). ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിബിയുടെ ഈ തീരുമാനം. ബിസിബി ബോർഡ് ഡയറക്ടർമാരുടെ അടിയന്തര യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതോടെയാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ കെകെആര്‍ തീരുമാനിച്ചത്. ‘കായിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപദേഷ്ടാവ് എന്ന നിലയിൽ, മുഴുവൻ കാര്യങ്ങളും വ്യക്തമാക്കി ഐസിസിക്ക് കത്തയയ്ക്കാൻ ഞാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്. കരാറിലേർപ്പെട്ട ഒരു ബംഗ്ലദേശ് താരത്തിന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ബംഗ്ലാദേശ് ദേശീയ ടീമിന് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് കത്തിൽ ബോർഡ് വ്യക്തമാക്കണം. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ അഭ്യർത്ഥിക്കാനും ഞാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്’-ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് അസ്ഫ് നസ്രുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഷെഡ്യൂൾ പ്രകാരം ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിൻഡീസ് (ഫെബ്രുവരി ഏഴ്), ഇറ്റലി (ഫെബ്രുവരി ഒമ്പത്), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവർക്കെതിരെയാണ് കൊൽക്കത്തയിലെ മത്സരങ്ങൾ. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബൈയിലെ മത്സരം. ബംഗ്ലാദേശ് ഇന്ത്യയിലെത്തി ലോകകപ്പ് കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന് സമാനമായി മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.