
അതീവ രൂക്ഷമായ വായു മലിനീകരണത്തിന്റെ പിടിയിലകപ്പെട്ട ഡൽഹിയിൽ, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന നൈട്രജൻ ഡൈ ഓക്സൈഡിന്റെ (എന്‍ഒ2) അളവ് മൂന്നിരട്ടിയായി വർദ്ധിച്ചു. വാഹനങ്ങൾ പുറംതള്ളുന്ന കാർബൺ പുറന്തള്ളലിന്റെ ഫലമായാണ് നൈട്രജന്‍ ഡൈ ഓക്സൈഡ് അളവ് വർദ്ധിച്ചതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഐടിഒയിലും അപകടകരമായ ഈ വാതകത്തിൻ്റെ സാന്ദ്രത ഉയർന്നതായി ബോർഡ് രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നൈട്രജൻ ഡൈ ഓക്സൈഡ് അളവ് വർദ്ധിക്കുന്നത് ഗുരുതരമായ ശ്വസന രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധരും കടുത്ത മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള IGI എയർപോർട്ട് ടെർമിനൽ 3‑ലെ മോണിറ്ററിങ് സ്റ്റേഷനിൽ എന്‍ഒ2 സാന്ദ്രത 240 മൈക്രോഗ്രാം എന്ന ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഇത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സുരക്ഷിത മാനദണ്ഡമായ 80 മൈക്രോഗ്രാമിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന മൈക്രോഗ്രാമിനെക്കാൾ പത്തിരട്ടി കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന അളവിലുള്ള നൈട്രജൻ ഡൈ ഓക്സൈഡ് ആസ്ത്മയും ശ്വാസകോശ സംബന്ധമായ അണുബാധകളും വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ശ്വാസതടസ്സം, ചുമ, ശ്വസന ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളലാണ് നൈട്രജൻ ഡൈ ഓക്സൈഡ് തോത് പ്രധാനമായും വർദ്ധിപ്പിക്കുന്നതെന്ന് ഗവേഷണ സ്ഥാപനമായ എൻവിറോ കാറ്റലിസ്റ്റ് സ്ഥാപകൻ സുനിൽ ദഹിയ പറഞ്ഞു. റോഡരികിൽ വസിക്കുന്ന ജനങ്ങൾ ഇതാണ് ശ്വസിക്കുന്നത്. ഇത് ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ ഇടവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോമാസ് കത്തിക്കൽ, വ്യാവസായിക ശാലകൾ പുറംതള്ളുന്ന വാതകങ്ങൾ എന്നിവയും നൈട്രജൻ ഡൈ ഓക്സൈഡ് സാന്നിധ്യം വർദ്ധിക്കാൻ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.