21 December 2024, Saturday
KSFE Galaxy Chits Banner 2

നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റ് ചെയർമാന്‍

Janayugom Webdesk
മുംബൈ
October 11, 2024 10:48 pm

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ. നിലവില്‍ സര്‍ രത്തന്‍ ടാറ്റ, സര്‍ ദോറാബ്ജി ടാറ്റ എന്നിവയുടെ ട്രസ്റ്റിയാണ്. ഇവ രണ്ടും ട്രസ്റ്റിന്റെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുകയും, മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു. 

ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്റ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്റ് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ ചുമതല വഹിക്കുന്നു. പരേതനായ സൈറസ് മിസ്ത്രിയുടെ സഹോദരിയും ടാറ്റ സൺസിന്റെ ഏറ്റവും വലിയ സ്വകാര്യ ഓഹരി ഉടമയുമായ ഷപൂർജി പല്ലോൻജി കുടുംബാംഗവുമായ ആലു മിസ്ത്രിയാണ് ഭാര്യ. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 2023–24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. രത്തൻ ടാറ്റയുടെ ദീർഘകാല വിശ്വസ്തനായ മെഹ്‌ലി മിസ്ത്രിയുടെയും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെയും പേരുകളും ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. മെഹ്‌ലി മിസ്ത്രിയെ സ്ഥിരം ട്രസ്റ്റിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായതായാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.