19 October 2024, Saturday
KSFE Galaxy Chits Banner 2

ശബ്ദമലിനീകരണം: ലോകത്തെ രണ്ടാമത്തെ നഗരം മൊറാദാബാദ്

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2022 9:39 pm

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) അടുത്തിടെ പുറത്തിറക്കിയ 2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം മൊറാദാബാദില്‍ 114 ഡെസിബെല്‍ ശബ്ദമലിനീകരണം രേഖപ്പെടുത്തി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് ഏറ്റവും ഉയര്‍ന്ന ശബ്ദമലിനീകരണം രേഖപ്പെടുത്തിയത്. 119 ഡിബി ശബ്ദമലിനീകരണം ധാക്കയിലുണ്ട്. 105 ഡെസിബല്‍ രേഖപ്പെടുത്തിയ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ് മൂന്നാംസ്ഥാനത്തെത്തി. 

70 ഡെസിബെലില്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡബ്ല്യുഎച്ഒ 1999ല്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം പാര്‍പ്പിട മേഖലകള്‍ക്ക് ചുറ്റും 55 ഡിബി നിലവാരമാണ് ശുപാര്‍ശ ചെയ്യുന്നത്. ഗതാഗത, വാണിജ്യ മേഖലകള്‍ക്ക് ഈ പരിധി 70 ഡിബി ആണ്. ലോകമെമ്പാടുമുള്ള 61 നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം. പട്ടികയിലെ പതിമൂന്ന് നഗരങ്ങള്‍ ദക്ഷിണേഷ്യയില്‍ നിന്നാണ്. ഇതില്‍ തന്നെ അഞ്ചെണ്ണവും ഇന്ത്യയിലാണ്. 

മൊറാദാബാദിന് പുറമെ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗാളിലെ അസന്‍സോള്‍, ജയ്പൂര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. കൊല്‍ക്കത്ത‑89 ഡി.ബി, അസന്‍സോള്‍ ‑89 ഡിബി, ജയ്പുര്‍-84 ഡിബി, ഡല്‍ഹി ‑83 ഡിബി എന്നിങ്ങനെ ശബ്ദമലിനീകരണം രേഖപ്പെടുത്തി. യൂറോപ്പും ലാറ്റിനമേരിക്കയുമാണ് ഏറ്റവും ശാന്തമായ പ്രദേശങ്ങള്‍. ജോര്‍ദാനിലെ ഇര്‍ബിദ് ‑60 ഡിബി, ഫ്രാന്‍സിലെ ലിയോണ്‍ ‑69 ഡിബി, സ്പെയിനിലെ മാഡ്രിഡ് ‑69 ഡിബി, സ്വീഡനിലെ സ്റ്റോക്ക്ഹോം-70 ഡിബി, സെര്‍ബിയയിലെ ബെല്‍ഗ്രേഡ്-70 ഡിബി, കെനിയയിലെ നൈറോബി-70 ഡിബി എന്നിങ്ങനെ ശബ്ദമലിനീകരണ തോത് രേഖപ്പെടുത്തി. 

Eng­lish Summary:Noise pol­lu­tion: Morad­abad is the sec­ond largest city in the world
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.