29 June 2024, Saturday
KSFE Galaxy Chits

Related news

June 23, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024

ഉത്തരേന്ത്യ തിളയ്ക്കുന്നു; 99 മരണം, മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗം തുടരും

Janayugom Webdesk
ലഖ്നൗ/പട്ന
June 18, 2023 11:12 pm

തീവ്രമായ ഉഷ്ണതരംഗത്തില്‍ ബിഹാറിലും യുപിയിലുമായി മൂന്ന് ദിവസത്തിനിടെ 99 മരണം. ഉത്തര്‍പ്രദേശില്‍ മാത്രം 54 പേരാണ് ഉയര്‍ന്ന താപനിലയില്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബിഹാറില്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് 44 പേരും മരിച്ചു. ഒഡിഷയില്‍ ഒരു മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. യുപിയിലെ ബല്ലിയയില്‍ ജൂണ്‍ 15, 16, 17 തിയതികളിലാണ് 54 പേര്‍ മരിച്ചത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ബല്ലിയയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 400 പേരെയാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുപിയിലെ മിക്ക ജില്ലകളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില. ബല്ലിയയില്‍ ഉയര്‍ന്ന താപനില 42.2 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് രേഖപ്പെടുത്തി. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും 60 വയസിന് മുകളില്‍ ഉള്ളവരാണ്. അധികം പേരും മരിച്ചത് ഹൃദയാഘാതം, മസ്തിഷ്കാഘാതം, തുടങ്ങിയവ മൂലമാണെന്നും തീവ്രമായ ചൂട് ആരോഗ്യനില മോശമാക്കി മാറ്റിയിരിക്കുകയാണെന്നും ബല്ലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്ത് കുമാര്‍ പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം ആശുപത്രികളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബിഹാറില്‍ മരിച്ചവരില്‍ 35 പേര്‍ പട്‌നയില്‍ നിന്നും ഒമ്പതുപേര്‍ മറ്റ് ജില്ലകളില്‍ നിന്നുമുള്ളവരാണ്. കടുത്ത ചൂടിനെത്തുടര്‍ന്ന് 24 വരെ പട്‌നയിലെ സ്കൂളുകള്‍ എല്ലാം അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
യുപിയും ബിഹാറുമടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബിഹാര്‍ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണതരംഗത്തെയാണ് നേരിടുന്നത്. 11 ജില്ലകളില്‍ ഇന്നലെ 44 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തി. 2012ല്‍ ബിഹാറില്‍ 19 ദിവസം നീണ്ടുനിന്ന ഉഷ്ണതരംഗം രേഖപ്പെടുത്തിയിരുന്നു. 

Eng­lish Summary:North India is boil­ing; 99 deaths, heat wave to con­tin­ue for three days

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.