വടക്കു കിഴക്കൻ കാലവർഷം സംസ്ഥാനത്ത് സജീവമായത് ഊർജ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും നവോന്മേഷം പകരുന്നു. ഇടവപ്പാതി ദുർബലമായതു മൂലം ജലസംഭരണികളെല്ലാം വറ്റിവരണ്ട അവസ്ഥയിലായിരുന്നു. വൈദ്യുതി ബോർഡിന്റെയും ജലസേചന വകുപ്പിന്റെയും അധീനതയിലുള്ള റിസർവോയറുകളിൽ ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് 36 ശതമാനമായിരുന്നു ജലനിരപ്പെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ലഭിച്ച മഴയെ തുടർന്ന് നവംബർ 22 ഓടെ ജലനിരപ്പ് 65 ശതമാനമായി ഉയർന്നു. കാലവർഷം വീണ്ടും സജീവമായതോടെ സംഭരണികളിൽ ജലനിരപ്പ് ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
അടുത്ത ഒരാഴ്ച കൂടി സാമാന്യം ശക്തമായ മഴ ലഭിച്ചാൽ ജലനിരപ്പ് 70 ശതമാനത്തോട് അടുക്കുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്തെ ഊർജ ഉല്പാദനത്തിന്റെ മുഖ്യ ഉറവിടമായ ഇടുക്കിയിൽ ജലനിരപ്പ് 54 ശതമാനമാണെങ്കിലും മഴ തുടരുന്നതോടെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കാർഷികാവശ്യത്തിനുള്ള ഡാമുകളിലേക്കും നീരൊഴുക്ക് മെച്ചപ്പെട്ടിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, ആന്ധ്രയുടെ തീരമേഖല, കർണാടകയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 64.5 മി. മീറ്റർ മുതൽ 115.5 മി. മീറ്റർ വരെയാണ് ശക്തമായ മഴയെന്ന് ഉദ്ദേശിക്കുന്നത്. തുലാവർഷം മെച്ചപ്പെട്ടതോടെ നവംബറിൽ ഇതുവരെ 174.4 മി. മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനെക്കാൾ 60 ശതമാനം അധികമാണിത്.
നവംബർ ആദ്യവാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ആദ്യ രണ്ടാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നല്ല മഴയ്ക്ക് കാരണമായതെങ്കിൽ വീണ്ടുമൊരു ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത് തെക്കേ ഇന്ത്യക്ക് അനുകൂലമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടാകുന്ന മഴയാണ് വടക്കു കിഴക്കൻ കാലവർഷം. മൺസൂണിന്റെ മടക്കയാത്ര എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സ്വാധീനം മൂലം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും വടക്ക് കാര്യമായ മഴ ലഭിക്കാറില്ല. ഉച്ച കഴിഞ്ഞ് ഉണ്ടാകാറുള്ള ഇടിയോടു കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത.
English Summary: Northeast Monsoon is expected to be active
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.