19 February 2026, Thursday

Related news

February 20, 2026
February 19, 2026
February 18, 2026
January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025

കേരള സ്റ്റോറിയല്ല, കേരള വിരുദ്ധ സ്റ്റോറി

Janayugom Webdesk
February 20, 2026 5:00 am

കേരളം എന്നത് സംഘ്പരിവാര്‍ പ്രഭൃതികള്‍ എക്കാലവും ഭയക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. അതിനുള്ള പ്രധാന കാരണം തങ്ങളുടെ വിദ്വേഷ പ്രചരണങ്ങളും കുത്സിത പ്രവര്‍ത്തനങ്ങളും തള്ളിക്കളയുന്ന ജനങ്ങളാണ് ഇവിടെ ഭൂരിപക്ഷമെന്നതുതന്നെയാണ്. മതേതരത്വവും നവോത്ഥാന മൂല്യങ്ങളും മുറുകെ പിടിക്കുകയും ഐക്യമനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്നൊരു ജനതതിക്ക് മുന്നില്‍ തങ്ങളുടെ വിഭാഗീയ ആശയങ്ങള്‍ വേരുപിടിക്കുന്നില്ലെന്നതും കാരണങ്ങളില്‍ മറ്റൊന്നാണ്. അങ്ങനെ വരുമ്പോള്‍ വ്യാജ പ്രചരണങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും അവതരിപ്പിച്ച് അപമാനിക്കുകയെന്ന നികൃഷ്ട സമീപനം അവര്‍ ആവര്‍ത്തിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് കേരള സ്റ്റോറിയെന്ന പേരില്‍ ചലച്ചിത്രമെടുത്ത് ഇകഴ്ത്താന്‍ ശ്രമിച്ചതിനെ കേരളം ഒറ്റക്കെട്ടായി തള്ളിയതും പിന്നീട് അതില്‍ പറഞ്ഞതില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ബന്ധിതമായതും നമ്മുടെ അനുഭവത്തിലുണ്ട്. എങ്കിലും തങ്ങളുടെ പിന്തിരിപ്പന്‍ സമീപനങ്ങള്‍ നിര്‍ത്താനുദ്ദേശ്യമില്ലെന്ന് അതേ ശക്തികള്‍ വീണ്ടും തെളിയിക്കുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ടാണ്, 2023 മേയ് അഞ്ചിന് പുറത്തിറങ്ങിയ കേരള സ്റ്റോറി അവര്‍ കെട്ടിച്ചമച്ചത്. കേരളത്തിലെ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടെന്നായിരുന്നു വിശദീകരണം. സ്ത്രീകളെ പ്രണയം നടിച്ച് (ലൗ ജിഹാദ്) ആകര്‍ഷിക്കുകയും മതംമാറ്റിയ ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോയെന്ന നുണക്കഥയാണ് പ്രസ്തുത സിനിമയുടെ അടിസ്ഥാനമാക്കിയത്. കേരളത്തില്‍ നിന്ന് ഇത്രയധികം പേരെ ഭീകര പ്രവര്‍ത്തനത്തിന് കൊണ്ടുപോയെന്നതിന് ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെയായിരുന്നു ഈ കള്ളം ചമച്ചത്. വ്യാജപ്രചരണത്തിനെതിരെ എല്ലാ കോണുകളില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 32,000 എന്ന കണക്ക്, മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി തിരുത്തിയെങ്കിലും വ്യാജങ്ങളില്‍ ഉറച്ചുനിന്നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.
സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും അതേ ശക്തികള്‍ പുതിയ കള്ളക്കഥ മെനഞ്ഞ്, മറ്റൊരു ചലച്ചിത്രം ഈ മാസം 27ന് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുകയാണ്. ചലച്ചിത്രത്തിന്റെ ട്രെയിലര്‍ (സംക്ഷിപ്തരൂപം) കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ കേരളത്തെയും ഇവിടെയുള്ള ജനങ്ങളെയും അപമാനിക്കുന്നതിനുള്ള ഗൂഢോദ്ദേശ്യത്തോടെ തയാറാക്കിയതാണ് ഇതുമെന്ന് വ്യക്തമായിരിക്കുന്നു. ചലച്ചിത്രം എന്ന ഉന്നതമായ കലാരൂപത്തെ വിദ്വേഷ പ്രചരണത്തിനുള്ള ഉപാധിയായി സംഘ്പരിവാര്‍ ശക്തികളും പ്രതിലോമ സംഘടനകളും ഉപയോഗിക്കുന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് ഈ ചലച്ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നു വ്യക്തമാകുന്നത്. കുപ്രചരണങ്ങളെ സ്ഥാപിച്ചെടുക്കുന്നതിന് പതിവ് ചേരുവകളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം സിനിമയിലെന്നതുപോലെ, യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന ആമുഖത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും വസ്തുതകളുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് പടച്ചുവിട്ടിരിക്കുന്നത്. തീവ്ര ബിജെപിക്കാരിലെ പ്രമുഖന്‍ അമിത് ഷാ ചുമതല വഹിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് തന്നെയാണ് ഉള്‍ക്കാമ്പ് എന്നിടത്ത് പുതിയ സിനിമയുടെ ഉദ്ദേശ്യവും പകല്‍പോലെ വ്യക്തമാകുന്നു. കേരള സ്റ്റോറി — അതിനപ്പുറമെന്ന പേര് നല്‍കിയതുകൊണ്ട്, ജുഗുപ്സാവഹമായ പുതിയ ഇല്ലാക്കഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബീഫ് കഴിക്കാന്‍ മടിക്കുന്ന യുവതിയെ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ സംഭവിച്ചതാണെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ ഇവിടെ ജീവിക്കുന്ന ഹിന്ദുത്വ തീവ്രവാദികള്‍ പോലും സമ്മതിച്ചുനല്‍കില്ല. കാരണം അവരിലും അരിയാഹാരം മാത്രമല്ല, മാംസാഹാരവും സുഭിക്ഷമായി കഴിക്കുന്നവര്‍ നിരവധിയുണ്ടല്ലോ.
ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ കുറ്റവാളികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്ന ഇതുപോലൊരു സിനിമ എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടി പുറത്തിറങ്ങാനിടയായത് എന്ന ചോദ്യം പ്രസക്തമാണ്. ബീഫ് എന്ന വാക്കും ജാനകി എന്ന പേരുപോലും ഉപയോഗിക്കാന്‍ അനുവദിക്കാതെ ചലചിത്രങ്ങള്‍ തടയുകയും തിട്ടൂരമനുസരിച്ചുള്ള ഭാഗങ്ങള്‍ വെട്ടിയ ശേഷം പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്ത സെന്‍സര്‍ ബോര്‍ഡിലെ ഉന്നതരുടെ, സംഘ്പരിവാര്‍ പ്രഭൃതികളോടുള്ള അടിമ മനോഭാവവും ഇതിലൂടെ പുറത്തുവരികയാണ്. നിലവാരവും കലാമൂല്യവും സാംസ്കാരിക ഔന്നത്യവും പുലര്‍ത്തുന്ന സൃഷ്ടികള്‍ ജനങ്ങള്‍ കാണണമെന്ന നിഷ്ഠയോടെയാണ് സെന്‍സര്‍ബോര്‍ഡെന്ന സങ്കല്പം തന്നെ ഉണ്ടായത്. അവിടെയാണ് വെറുപ്പ് പടര്‍ത്തുകയും കുപ്രചരണങ്ങള്‍ നടത്തുകയും തീവ്ര വലതുപക്ഷ ആശയങ്ങള്‍ അടിച്ചേല്‍പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ബോര്‍ഡ് സ്വയം അപഹാസ്യരാകുന്നത്. ഒന്നാമത്തെ കേരള സ്റ്റോറിക്കെന്നതുപോലെ രണ്ടാമത്തേതിനും ദേശീയ അവാര്‍ഡുകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്നുമിരിക്കും. പക്ഷേ അതുകൊണ്ട് ഒരു വിദ്വേഷ സിനിമ മികച്ചതാകുന്നില്ല. എല്ലാ മതസ്ഥരും സാഹോദര്യമനോഭാവത്തോടെ ഒരുമിച്ച് ജീവിക്കുകയും അതേസമയം ഇതര മതസ്ഥരുടെ വിശ്വാസങ്ങളും ആചാരങ്ങളും പരസ്പര ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്യുന്ന കേരളത്തെ തീവ്ര ഹിന്ദുത്വ ആശയക്കാര്‍ എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം വ്യാജ നിര്‍മ്മിതികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.