
ലോക ഫുട്ബോളിൽ ജീവിച്ചിരിക്കുന്ന ഇതിഹാസ താരങ്ങളിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. മെസിയെന്ന മഹാപ്രതിഭയോടൊപ്പം നിൽക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് 38 വയസ് കഴിഞ്ഞു. ലോകകപ്പിൽ സ്വന്തം രാജ്യമായ പോർച്ചുഗലിനെ തന്റെ കളിയിലെ പ്രാഗൽഭ്യം കൊണ്ട് വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന മനോദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ട് . അദ്ദേഹത്തിന്റെ പ്രാഗൽഭ്യം കൊണ്ട് മാത്രം രാജ്യത്തെ ജയിപ്പിക്കുവാൻ കഴിയാത്ത പ്രതിസന്ധി എല്ലാവർക്കും അറിയാം. ഇത്തവണ മികച്ച പ്രകടനം നടത്തുവാൻ പോർച്ചുഗലിന് കഴിയും. അവർ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. കാൽപന്ത് കളിയിൽ നേട്ടങ്ങൾ വാരിക്കൂട്ടുന്ന റൊണാൾഡോ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കാഡ് സ്വന്തമാക്കി. ഇനി 1000 ഗോൾ എന്ന മഹാ റെക്കോഡ് മാത്രമാണ് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അദ്ദേഹത്തോട് കളിയിൽ നിന്നും വിരമിക്കുന്നതിന് കാലമായില്ലെ എന്ന് ചോദിച്ചു. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, എന്നോട് എല്ലാവരും ഇത് പലതരത്തിൽ ചോദിക്കുന്നു. എന്റെ ഭാര്യയും മക്കളും ഉൾപ്പെടെ. പക്ഷെ എനിക്ക് മാത്രം കളി നിർത്താറായെന്ന് തോന്നുന്നില്ല. അറിയപ്പെടുന്ന പലരും കളി നിർത്തി. എനിക്ക് കളിനിർത്താൻ സമയമായെന്ന് തോന്നാതെ നിർത്താനൊക്കുമോ. ഇപ്പോൾ ലോകത്താകെ നിറഞ്ഞ വാർത്ത ഏറ്റവും സമ്പന്നനായ കളിക്കാരനാണെന്നാണ്.
കളി മതിയാക്കാൻ തോന്നണമെങ്കിൽ ശാരീരിക ശേഷിയിൽ കുറവും മനസിൽ മതിയെന്ന തോന്നലും ഉണ്ടാവണം. അത് എനിക്കില്ല. എത്രനാൾ ഇങ്ങനെ പോകും. അതുവരെ ആകട്ടെ എന്നാണ് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ താരങ്ങളിൽ സാമ്രാജ്യത്വവിരുദ്ധ കൂത്തക വിരുദ്ധ നിലപാട് ഒരു മറയുമില്ലാതെ പ്രകടിപ്പിക്കുന്ന താരമാണ് അദ്ദേഹം. ഇത്തവണ സാമാന്യം ഭേദപ്പെട്ട ടീമാണ് പോർച്ചുഗൽ. ലോകകപ്പിൽ കൂടുതൽ അവസരം കിട്ടിയാൽ ലോകമാകെയുള്ള ആരാധക സമൂഹത്തെ ആവേശം കൊള്ളിക്കാൻ റൊണാൾഡോയ്ക്ക് കഴിയും. ശൂന്യതയിൽ നിന്നുള്ള ബൈസിക്കിൾ ഷോട്ടുമായി ലോകഫുട്ബോളിൽ സ്വന്തം ഇടം സൃഷ്ടിച്ച ഈ അപൂർവ താരം ഇനിയും കുറച്ചു വർഷങ്ങൾ കൂടി കളിക്കളത്തിൽ വീര്യത്തോടെ നിലനിൽക്കുമെന്ന് കരുതണം. ഫുട്‌ബോളിൽ, എന്തൊക്കെ ചേരുവ വേണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത കളിക്കാരൻ കൂടിയാണ് അദ്ദേഹം. അതിവേഗ ഓട്ടക്കാരൻ, ആരെയും വെല്ലുന്ന ജിംനാസ്റ്റിക്ക്, എത്ര മിടുക്കനായ ഡിഫന്ററേയും കറക്കി പന്ത് വരുതിയിലാക്കുന്ന സ്ട്രൈക്കർ.. അങ്ങനെ എല്ലാ ചേരുവകളും ഒന്നിച്ചു ചേർന്ന ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആറ് പതിറ്റാണ്ടുമുമ്പ് പെലെ എന്ന അതുല്യ പ്രതിഭ യുവത്വത്തിന്റെ പ്രസരിപ്പിൽ നേടിയ ബൈസിക്കിൾ കിക്കിന്റെ നൂതനാവിഷ്കരണം നേരിട്ട് കാണിച്ചു തന്നത് റൊണാൾഡോയായിരുന്നു. വായുവിൽ വരുന്ന പന്തിനെ രണ്ടടി ഉയരത്തിൽ ചാടി എയറിൽതന്നെ കണക്ട് ചെയ്തു ലക്ഷ്യം കണ്ട ആദ്യത്തെ താരമായി റൊണാൾഡോ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ബൈസിക്കിൾ കിക്കിന്റെ വ്യത്യസ്തമായ തലങ്ങളിൽ ഗോളുകൾ പിറന്നു കൊണ്ടിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോയുടെ തുടക്കം മായാതെ നിൽക്കുന്നു. 3000 വർഷത്തെ ചരിത്രമുള്ള ജനകീയ കായിക മേളയ്ക്ക് തിലകക്കുറിചാർത്തിയ മഹാപ്രതിഭകളിൽ മെസിയും റൊണാൾഡോയും ഇപ്പോഴും കളിക്കളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രായംവച്ചുമാത്രം ഒരു കളിക്കാരനെ അളക്കരുത്. ശാരീരിക ക്ഷമതയും, മനസിന്റെ ദൃഢതയും കൂടി നോക്കണമെന്ന പാഠമാണ് അദ്ദേഹം ലോകത്തിന് നൽകുന്നത്. ശതകോടീശ്വരന്മാരുടെ ക്ലബ്ബിലെ ആദ്യ ഫുട്‌ബോളർ ആയ ക്രിസ്റ്റ്യാനോയുടെ കുട്ടിക്കാലം കൊടും യാതനകൾ നിറഞ്ഞതായിരുന്നു. വിശപ്പടക്കാൻ ഹോട്ടലുകൾക്ക് പിന്നിലുള്ള വേസ്റ്റ് ബോക്‌സ് തേടിപ്പോയ പഴയകാലം അദ്ദേഹം ഇന്നും മറന്നില്ല.
നാലുവയസുകാരനായ കൊച്ചു ബാലൻ സ്റ്റാർ ഹോട്ടലിന്റെ പിറകിലുള്ള വേസ്റ്റ് ബോക്‌സിൽ നിന്നും അതിഥികൾ തിന്നതിന്റെ ബാക്കിയുള്ള ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കാണാനിടയായ ഒരു ജീവനക്കാരിയാണ്. പിന്നീട് എന്നും ഹോട്ടലിൽ നിന്നും ബാക്കിവരുന്ന ഭക്ഷണം കൊച്ചു മോനാണ് കൊടുത്തിരുന്നത്. ഒരിക്കലും മറക്കാത്ത ഓർമ്മ ഇപ്പോഴും മനസിൽ കൊണ്ടു നടക്കുന്ന നന്ദിയുള്ള മനുഷ്യനാണ് അദ്ദേഹം. അന്ന് പിസ തന്ന് വിശപ്പ് മാറ്റിയ ആ ജീവനക്കാരിക്ക് ജീവിതം സംമ്പന്നമായപ്പോൾ മറക്കാതെ ഒരു ഹോട്ടൽ നൽകിയ ഉദാരത ലോകം കണ്ടതാണ്. അന്നത്തെ പട്ടിണിക്കാരന്റെ ഇന്നും മരിക്കാത്ത ഓർമ്മ അവിടത്തെ ജനങ്ങളോടും കാണിക്കുന്നു. കൊക്കക്കോള കമ്പനിയെ വെല്ലുവിളിച്ച ഏക ഫുട്‌ബോളർ എന്ന ബഹുമതിയും റൊണാൾഡോക്ക് മാത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.