16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024

പരിഗണനകിട്ടിയില്ല; പുനഃസംഘടനയ്ക്കൊരുങ്ങി എ ഗ്രൂപ്പ്; വി ഡി സതീശനെതിരെ ബെന്നി ബെഹന്നാന്‍

ആർ ഗോപകുമാർ
കൊച്ചി
June 5, 2023 10:50 pm

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ കലാപമുയർത്താനുള്ള ചിലരുടെ നീക്കം ഗ്രൂപ്പ് നേതൃത്വം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. കൂടുതൽ നഷ്ടം തങ്ങള്‍ക്കാണെന്ന് തിരിച്ചറിഞ്ഞ എ ഗ്രൂപ്പിലെ ചില നേതാക്കളാണ് രംഗത്തു വന്നത്. ബെന്നി ബെഹന്നാൻ എംപിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് മാസങ്ങളോളമാണ് പുനഃസംഘടന വൈകിയത്. ഇനിയും മൂന്നു ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിക്കാനുണ്ട്. ഇതിനിടെയാണ് എ ഗ്രൂപ്പ് നേതാക്കൾ രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം 197 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് തീരുമാനിച്ചത്. ഇതിൽ 127 ഇടങ്ങളിൽ ഒറ്റപ്പേരുമാത്രമാണ് നല്കിയത്. ബാക്കിയുള്ള 70 പ്രസിഡന്റുമാരെ ചൊല്ലിയാണ് എ ഗ്രൂപ്പ് രംഗത്തുവന്നത്. ഇനി 86 പേരെ പ്രഖ്യാപിക്കാനുണ്ട്. ഇതിലും തർക്കം രൂക്ഷമാണ്.

നിലവിൽ ഗ്രൂപ്പ് പോരിനുപോലും സംസ്ഥാനത്തെ കോൺഗ്രസിന് ശക്തിയില്ലെന്ന വാദവുമായി സതീശൻ ഗ്രൂപ്പും രംഗത്തുണ്ട്. ഉമ്മൻചാണ്ടി പ്രായാധിക്യത്തോടെ മുൻനിരയിൽ നിന്നും മാറിയതോടെ എ ഗ്രൂപ്പ് ഛിന്നഭിന്നമായി. ഒരു വിഭാഗം തിരുവഞ്ചൂർ രാധാകൃഷ്ണനോടൊപ്പവും കുറച്ചു പേർ കെ സി ജോസഫിനൊപ്പവും ഗ്രൂപ്പുകളായി. ഷാഫി പറമ്പിലിനൊപ്പം കുറച്ചു യുവാക്കളും പോയി. ശേഷിക്കുന്ന ഭൂരിഭാഗവും പി സി വിഷ്ണുനാഥിനൊപ്പമാണ്. ഇങ്ങനെ പല കഷ്ണങ്ങളായി പിരിഞ്ഞ എ ഗ്രൂപ്പിന്റെ പേരിലാണ് ഇപ്പോൾ ബെന്നി ബെഹന്നാൻ മുന്നോട്ടുവരുന്നത്. പുനഃസംഘടന വൈകിയതിന് പിന്നിൽ ഗ്രൂപ്പ് പോരും പെട്ടിയെടുപ്പുകാർക്ക് സ്ഥാനം കിട്ടാതെ പോയതുമാണെന്ന് നേതാക്കളും പ്രവർത്തകരും ഒരുപോലെ സമ്മതിക്കുന്നു. നേതാക്കളുടെ വ്യക്തിതാല്പര്യം പാർട്ടിയിലെ നിഷ്പക്ഷരായിരുന്നവരുടെ വളര്‍ച്ച തടഞ്ഞുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

ഉമ്മൻചാണ്ടിയുടെ മനസറിയാത്ത പുനഃസംഘടന

കോൺഗ്രസിലെ ഐക്യ ശ്രമങ്ങൾക്ക് എതിരാണ് ഇപ്പോൾ പ്രഖ്യാപിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പട്ടികയെന്ന് ബെന്നി ബെഹന്നാന്‍ എംപി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മനസറിയാതെയുള്ള പുനഃസംഘടനയാണിത്. പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ് പുനഃസംഘടനയുടെ ലക്ഷ്യമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കുമെന്നും ബെന്നി ബെഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റിനോട് പരാതി പറയുമോ എന്ന ചോദ്യത്തിന് ഇനി അദ്ദേഹത്തോടു സംസാരിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വന്തം ജില്ലയായ എറണാകുളത്ത് ഗ്രൂപ്പിന്റെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളെല്ലാം തട്ടിയെടുത്തതോടെയാണ് തുറന്ന പ്രതികരണത്തിനു തയ്യാറായത്. ജില്ലയിൽ 28ൽ 12 എണ്ണം എ ഗ്രൂപ്പിനെന്ന് പറയുകയും എന്നാൽ ആ സ്ഥാനങ്ങളില്‍ സതീശന്റെ വിശ്വസ്തരെ നിയമിക്കുകയും ചെയ്തതോടെ എ ഗ്രൂപ്പ് കടുത്ത പ്രതിഷേധത്തിലാണ്.

Eng­lish Sum­ma­ry: Not con­sid­ered; A Group ready for reorganization
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.