19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024

മറ്റൊരു പ്രഖ്യാപനം കൂടി പാഴാകുന്നു; എല്ലാവര്‍ക്കും കുടിവെള്ളമെത്തില്ല

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2023 11:23 pm

എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനവും പാഴാകുന്നു.
2019 ലെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് 2024 ആകുമ്പോള്‍ എല്ലാ വീടുകളിലും ജലമെത്തിക്കുമെന്ന് മോഡി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ജല്‍ ജീവന്‍ എന്ന് പേരിട്ട് പദ്ധതി ആരംഭിക്കുകയും ചെയ്തു. അന്ന് രാജ്യത്തെ 16 ശതമാനം ഗ്രാമീണ വീടുകളില്‍ മാത്രമാണ് പൈപ്പ് വെള്ളമെത്തിയിരുന്നത്. 19.5 കോടി വീടുകളെയാണ് ജല്‍ ജീവന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി കണക്കാക്കിയത്. ഇതിന്റെ അഞ്ച് ശതമാനം വരുന്ന ഒരു കോടി വീടുകളില്‍ ജലമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ജലസ്രോതസുള്ള ഗ്രാമങ്ങളില്‍ പോലും വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ശരാശരി എട്ടുമാസമെങ്കിലുമെടുത്തേക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 2024 ഡിസംബറില്‍ 80 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതമായിരിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

3,60,000 കോടി രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത്. 50:50 എന്ന നിലയിലാണ് സംസ്ഥാനസര്‍ക്കാരും കേന്ദ്രഭരണ പ്രദേശങ്ങളും തുക വിനിയോഗിക്കുന്നത്. പ്രതിദിനം ഒരു വ്യക്തിക്ക് 55 ലിറ്റര്‍ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പരിശോധിച്ചാല്‍ കണക്കുകളില്‍ നിറയെ പൊരുത്തക്കേടുകളുണ്ട്. 1,68,000 ഗ്രാമങ്ങളിലെ വീടുകളില്‍ പദ്ധതി വഴി ജലമെത്തിച്ചുവെന്നാണ് വ്യക്തമാക്കിയത്. ഇതില്‍ അംഗീകാരം നല്കിയത് കേവലം 58,357 ഗ്രാമങ്ങള്‍ക്ക് മാത്രവും. പഞ്ചായത്ത് ‑ബ്ലോക്ക് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങള്‍ ശേഖരിച്ച് വീഡിയോ റെക്കോഡ് ചെയ്തശേഷമാണ് അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് മൂന്നിലൊന്ന് ഗ്രാമങ്ങളില്‍ പോലും കുടിവെള്ളമെത്തിയിട്ടില്ല. യഥാര്‍ത്ഥ വസ്തുതയും മോഡി സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ 5.1 ലക്ഷം വീടുകളിലാണ് (ഒരു ശതമാനം) പൈപ്പിലൂടെ ജലമെത്തിയിരുന്നത്. 2021 ഓഗസ്റ്റോടെ ഇത് 32 ലക്ഷവും 2022 ല്‍ 42 ലക്ഷവുമായി. കഴിഞ്ഞ പത്തുമാസത്തിനിടെയുണ്ടായ നാടകീയ വര്‍ധനയില്‍ ഇത് 1.3 കോടിയായി. യുപിയിലെ 98,455 ഗ്രാമങ്ങളില്‍ 13,085 എണ്ണത്തിലൂടെയും ജലവിതരണം നടത്തുന്നുണ്ടെന്നാണ് രേഖകള്‍. ഇതില്‍ 2837 എണ്ണം മാത്രമാണ് സ്വയം പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ആകെയുള്ളതിന്റെ മൂന്ന് ശതമാനം മാത്രമാണിത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ ഇത് നൂറ് ശതമാനമാണ്.
പദ്ധതി പ്രകാരം എല്ലാ വീടുകളിലും സ്ഥിരമായി സുരക്ഷിത ജലമെത്തിക്കുന്ന ആദ്യ സംസ്ഥാനമായി ഗോവയെക്കുറിച്ചുള്ള കണക്കിലും ഈ പൊരുത്തക്കേടുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളോടുളള കേന്ദ്രസര്‍ക്കാരിന്റെ വേര്‍തിരിവും പദ്ധതിയില്‍ പ്രകടമാണ്. ആദ്യ പത്ത് സംസ്ഥാനങ്ങള്‍ 96 ശതമാനം പൈപ്പുകളും സ്ഥാപിച്ചു കഴിഞ്ഞപ്പോഴും ബിഹാര്‍, തെലങ്കാന എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചിട്ടുമില്ല. രണ്ട് സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമല്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.