22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

കേരളയല്ല ‘കേരളം’; പ്രമേയം നിയമസഭ പാസാക്കി

Janayugom Webdesk
തിരുവനന്തപുരം
August 9, 2023 3:19 pm

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭാ ഏകകണ്ഠമായി പാസാക്കി. കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു.

പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം

നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം ഈ സഭയില്‍ അവതരിപ്പിക്കുകയാണ്. അതിനു മുന്നോടിയായി ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്.

ഈ വര്‍ഷത്തെ (2023) കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ചക്കാലയളവില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും, നമ്മുടെ വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും, കാര്‍ഷിക‑വ്യവസായ പുരോഗതിയെയും, നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 എന്ന ഈ പരിപാടിയുടെ സംഘാടനം ഒരു ബൃഹത്തായ ഉദ്യമമാണ്. ഇതിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ ഒരു സംഘാടകസമിതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ സമിതിയില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും, ബഹു. നിയമസഭാ സ്പീക്കറും ബഹു. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ. വി.എസ്. അച്യുതാനന്ദന്‍, ശ്രീ. എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എം.എല്‍.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും കലാ-സാംസ്‌കാരികരംഗത്തെ പ്രമുഖരും ഉള്‍പ്പെടുന്നതാണ്. ഇരുപതോളം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ യോഗം 2023 ആഗസ്റ്റ് 14‑ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരുവാന്‍ ഉദ്ദേശിക്കുന്നു.

കേരളീയം 2023 ന്റെ ഭാഗമായി ലോകപ്രശസ്തരായ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മേഖലകളെപ്പറ്റി അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടത്തുന്നതാണ്. ലോകശ്രദ്ധ ആകര്‍ഷിക്കുംവിധം കേരളം കൈവരിച്ച പുരോഗതിയും നിലവില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സംവാദങ്ങളില്‍ വിശകലനത്തിന് വിധേയമാക്കും. കാര്‍ഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖലകള്‍, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതി-പട്ടികവര്‍ഗ മേഖല, ഉന്നത‑പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയെപ്പറ്റിയാണ് വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് കേരളീയം 2023 ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതാണ്.

കേരളീയം 2023 ന്റെ ഭാഗമായി നമ്മുടെ വിവിധ കലാരൂപങ്ങളുടെ അവതരണം, പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനും വേണ്ടി കലാ പ്രദര്‍ശനവും ഉണ്ടാവും. തിരുവനന്തപുരം നഗരത്തില്‍ പൂര്‍ണ്ണമായും ഉത്സവ പ്രതീതിയുണര്‍ത്തും വിധം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഉള്ള സ്ഥലങ്ങളില്‍ മികച്ച ദീപാലങ്കാരവും പുസ്തകോത്സവം, ചലച്ചിത്രോത്സവം, പുഷ്പ മേള എന്നിവയും ഉണ്ടാകുന്നതാണ്.

കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാവരുടെയും മികച്ച രീതിയിലുള്ള സഹായ സഹകരണങ്ങളും വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

പ്രമേയം

നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1‑നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1‑നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

Eng­lish Summary:
Not Ker­ala; The Ker­ala assem­bly passed the resolution

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.