
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻ സീറ്റിൽ യാത്ര എന്നതടക്കമുള്ള ഗതാഗത നിയമലംഘനങ്ങളാണ് സിദ്ധരാമയ്യക്കെതിരെ കർണാടക ട്രാഫിക് ഗതാഗത വകുപ്പ് കണ്ടെത്തിയത്. 2024മുതൽ ഏഴു തവണ സിദ്ധരാമയ്യ ഗതാഗത നിയമങ്ങൾ ലംഘിച്ചതായാണ് ഇൻലിജന്റ് ട്രാഫിസ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിച്ച ക്യാമറകൾ കണ്ടെത്തിയത്.
ഏഴ് നിയമലംഘനങ്ങളിൽ ആറെണ്ണവും മുഖ്യമന്ത്രി വാഹനത്തിന്റെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. നഗരത്തിലെ വിവിധ പ്രധാന ജങ്ഷനുകളിലെ ക്യാമറകൾ ഇതെല്ലാം ഒപ്പിയെടുത്തിട്ടുണ്ട്. ഇതിനെല്ലാം ചേർത്ത് സിദ്ധരാമയ്യ 2500 രൂപ പിഴയൊടുക്കുകയും ചെയ്തു.
കർണാടക സർക്കാർ അടുത്തിടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് ഏർപ്പെടുത്തിയ പിഴത്തുകയിൽ 50 ശതമാനം കിഴിവ് ഏർപ്പെടുത്തിയിരുന്നു. ഈ കിഴിവിന് ശേഷം കണക്കാക്കിയ തുകയാണ് സിദ്ധരാമയ്യ അടച്ചത്.
2024 ജനുവരി 24ന് പഴയ വിമാനത്താവള റോഡിലെ ലീല പാലസ് ജങ്ഷന് സമീപമുള്ള ക്യാമറയിലാണ് സിദ്ധരാമയ്യയുടെ ആദ്യത്തെ ട്രാഫിക് ലംഘനം പതിഞ്ഞത്. ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലും ഇതേ ജങ്ഷൻ വഴി സിദ്ധരാമയ്യ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തു. മാർച്ചിൽ ചന്ദ്രിക ഹോട്ടൽ ജങ്ഷനിലും ആഗസ്റ്റിൽ ശിവാനന്ദ സർക്കിൾ, ഡോ. രാജ്കുമാർ ജങ്ഷനുകളിലൂടെയും മുഖ്യമന്ത്രി സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കേസുകൾ രജിസ്റ്റ് ചെയ്തു.ഇതിനെല്ലാം പുറമെ ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് കെംപഗൗഡ ഇന്റർനാഷനൽ എയർപോർട്ട് എക്സ്പ്രസ് കോറിഡോറിൽ വച്ച് മുഖ്യമന്ത്രിയുടെ കാർ അമിതവേഗതയിൽ ഓടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി പിഴത്തുക മുഴുവൻ അടച്ചുതീർത്തതായി ട്രാഫിക് പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.