19 January 2026, Monday

ഒന്നുമായില്ല, ചൂട് വരാനിരിക്കുന്നതേയുള്ളു, അഞ്ച് വര്‍ഷം ചുട്ടുപൊള്ളും

Janayugom Webdesk
ജെനീവ
May 17, 2023 11:03 pm

അന്തരീക്ഷ താപനില ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ചൂടേറിയതായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഹരിതഗൃഹവാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ധനവിന് ആക്കം കൂട്ടും. വരുന്ന അഞ്ച് വര്‍ഷം പൂര്‍ണമായോ ഏതെങ്കിലും ഒരു വര്‍ഷം മുഴുവനോ കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ ഗവേഷണത്തില്‍ പറയുന്നു. 

പാരിസ് ഉടമ്പടി പ്രകാരം 1.5 ഡിഗ്രി സെൽഷ്യസ് ആണ് ആഗോള താപനില പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. 2027 വരെയുള്ള കാലയളവില്‍ ലോകത്ത് ആദ്യമായി താപനില പരിധി ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. 2020 മുതൽ താപനില പരിധി ലംഘിക്കപ്പെടുമെന്ന് ലോക കാലാവസ്ഥാ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത അഞ്ച് വർഷങ്ങളിൽ 1.5 ഡിഗ്രി സെൽഷ്യസ് കടക്കാൻ 20 ശതമാനത്തിൽ താഴെ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 50 ശതമാനമായും ഇപ്പോൾ 66 ശതമാനവുമായാണ് ഉയര്‍ത്തിയിരിക്കുന്നത്. വരും നാളുകളിൽ ഇതിലും കൂടാൻ സാധ്യതയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

2015 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷമാണ് നിലവിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങള്‍. കാലാവസ്ഥാ വ്യതിയാനങ്ങളിലുള്ള മാറ്റങ്ങള്‍ താപനില കൂടുതല്‍ വര്‍ധിപ്പിക്കും.
വ്യാവസായിക വിപ്ലവത്തിന് മുൻപ് തന്നെ ചൂട് 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ പരിമിതപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ആഘാതങ്ങളായ വെള്ളപ്പൊക്കം, ഉയരുന്ന സമുദ്രനിരപ്പ്, വരൾച്ച എന്നിവയെ കൂടുതൽ നിയന്ത്രിക്കാൻ കഴിയുമെന്നായിരുന്നു ലോകരാജ്യങ്ങള്‍ വിശ്വസിച്ചിരുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ താപനില വർധന രേഖപ്പെടുത്തിയാൽ പാരീസ് പരിധി ലംഘിച്ചുവെന്ന് അർത്ഥമാക്കുന്നില്ല. എന്നാൽ ഭാവിയിൽ നീണ്ട ഉഷ്ണതരംഗങ്ങൾ, തീവ്ര കൊടുങ്കാറ്റുകൾ, കാട്ടുതീ എന്നിവ ഉണ്ടായേക്കാം.
പ്രകൃതിവിഭവങ്ങളെ വേണ്ടവിധം പരിഗണിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്ത് താപനില നിയന്ത്രിക്കാന്‍ സമയം അതിക്രമിച്ചിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

Eng­lish Sum­ma­ry: Noth­ing, heat is com­ing, five years will burn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.