22 November 2024, Friday
KSFE Galaxy Chits Banner 2

ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് ഹാജരാകാൻ നോട്ടീസ്

Janayugom Webdesk
കൊച്ചി
February 17, 2023 8:36 am

എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കർ നിസഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശിവശങ്കറിന്റെ നിർദേശ പ്രകാരം വേണുഗോപാലാണ് നേരത്തെ ലോക്കർ തുറന്നത്. ഇതിൽ നിന്നും കോഴപ്പണം കണ്ടെത്തിയെന്നാണ് ഇഡി ആരോപണം. ശിവശങ്കറും സ്വപ്നയും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പ്രധാനപ്പെട്ട തെളിവെന്ന് ഇഡി പറയുന്നു. 

പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യങ്ങൾ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാൽ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കർ വാട്സാപ്പ് ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്. 2019 ജൂലൈ 31ന് നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇഡി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകൾ എന്നാണ് ഇഡി ഇതിനെക്കുറിച്ച് പറയുന്നത്. കേസിൽ ഈ ചാറ്റുകൾ ഏറെ നിർണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇഡി വ്യക്തമാക്കുന്നു. അതേസമയം, വ്യക്തമായ തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും എം ശിവശങ്കർ കള്ളം മാത്രമാണു പറയുന്നതെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 4.48 കോടി രൂപ കോഴ നൽകിയതായി നിർമ്മാണക്കരാർ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകി. 

ആറ് കോടി രൂപയുടെ കോഴ ഇടപാടു നടത്തിയതായി ഇടനില നിന്ന സ്വപ്ന സുരേഷിന്റെ മൊഴിയുമുണ്ട്. ഇതിൽ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണ് ബാങ്ക് ലോക്കറിൽനിന്നു പിടിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു. ശിവശങ്കർ ഉപയോഗിച്ചിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഫോൺ വാങ്ങിയതിന്റെ ബിൽ അടച്ചത് സന്തോഷ് ഈപ്പനാണെന്നതിന്റെ തെളിവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ശിവശങ്കർ അവ്യക്തമായ മറുപടികളാണ് നൽകിയത്. മൂന്ന് മുതല്‍ ഏഴ് വർഷം വരെ കഠിനതടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി എസ് സരിത്, സന്ദീപ് നായർ എന്നിവരും ഈ കേസിൽ പ്രതികളാണ്.

Eng­lish Summary;Notice to appear to Sivashankar’s char­tered accountant

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.