15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

നവംബര്‍ 16 ലോക COPD ദിനം ; സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുന്ന രോഗാവസ്ഥ

ഡോ. അശ്വതി താഴക്കോട്ടുവളപ്പിൽ 
November 16, 2022 5:11 pm

നവംബര്‍ 16 ലോക COPD ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ COPD ദിന ലക്ഷ്യം ‘എല്ലാവര്‍ക്കും ആരോഗ്യകരമായ ശ്വാസകോശം’ എന്നതാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും കൃത്യമായ ചികിത്സയും സിപിഡി രോഗതീവ്രത തടയാന്‍ സഹായിക്കുന്നു. ശ്വാസനാളങ്ങളുടെയും ആല്‍വിയോളൈയുടെയും (ശ്വാസകോശത്തിന്റെ പ്രാഥമിക യൂണിറ്റ്) അസ്വഭാവിതകള്‍ കാരണം ഉണ്ടാകുന്ന രോഗമാണ് സിഒപിഡി. കൃത്യമായ ജീവിതശൈലിയിലൂടെ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ ഒരു രോഗമാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു രോഗിയുടെ മരണത്തിനു കാരണമായേക്കാവുന്ന മൂന്നാമത്തെ പ്രധാന രോഗമാണ് COPD. COPD യുടെ സാധാരണ ലക്ഷണങ്ങള്‍ ചുമ / ശ്വാസതടസ്സം / കഫം എന്നിവയാണ്. പുകയില വലിക്കുന്നവരിലും പുകവലിക്കാത്തവരിലും COPD കണ്ടുവരുന്നു. പുകവലിക്കാത്തവരില്‍ ബയോമാസ് ഇന്ധനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, വായു മലിനീകരണം, ആന്റിട്രിപ്സിന്‍ കുറവ്, അസാധാരണമായ ശ്വാസകോശ വികസനം, ത്വരിതഗതിയിലുള്ള വാര്‍ദ്ധക്യം, ജനിതക വൈകല്യങ്ങള്‍ എന്നിവ അപകട ഘടകങ്ങളാണ്. സിഒപിഡിയുടെ സവിശേഷതയായ എയര്‍വേയുടെ തടസ്സം കണ്ടെത്തുന്നതിനുള്ള രോഗനിര്‍ണ്ണയ ഉപകരണമാണ് സിമ്പിള്‍ സ്‌പൈറോമെട്രി.

സിഒപിഡി ചികിത്സിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍

· ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ക്രമേണ കുറയുന്നു.
· വിട്ടുമാറാത്ത ചുമ — ചുമയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ (ഹെര്‍ണിയ, കണ്ണില്‍ രക്തസ്രാവം, മറ്റു അസ്വസ്ഥതകള്‍).
· ആവര്‍ത്തിച്ചുള്ള അണുബാധ.
· രോഗതീവ്രത വര്‍ദ്ധിക്കുന്നത് QOL (Qual­i­ty of Life) കുറയുന്നതിലേക്ക് നയിക്കുന്നു.
· രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു.
· പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ പോലെയുള്ള ഹൃദ്രോഗം.
· സാമ്പത്തിക ബുദ്ധിമുട്ട്.

COPD രോഗതീവ്രത തടയുന്നതിനുള്ള വ്യത്യസ്ത രീതികള്‍ ഇവയാണ്:-

1. പുകവലി ഉപേക്ഷിക്കുക

സിഒപിഡി രോഗതീവ്രത തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമാണ് പുകവലി ഉപേക്ഷിക്കുന്നത്. പുകവലി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, സിഒപിഡിയ രോഗതീവ്രത കുറയ്ക്കുന്നത് പുകവലി ഉപേക്ഷിക്കുന്നതിലൂടെ സാദ്ധ്യമാകുന്നു. ഫാര്‍മക്കോ തെറാപ്പി — നിക്കോട്ടിന്‍ റീപ്ലേസ്മെന്റ്, വരേനിക്ലിന്‍ / ബുപ്രെനോര്‍ഫിന്‍ പോലുള്ള മറ്റ് മരുന്നുകള്‍ എന്നിവയിലൂടെ രോഗത്തിന്റെ തീവ്രത തടയാന്‍ കഴിയും.

പുകവലി സ്വയം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. ഉപേക്ഷിക്കാന്‍ സ്വയം തീരുമാനമെടുക്കുക.
2. ഏതു രീതിയില്‍ ഉപേക്ഷിക്കണമെന്ന് തീരുമാനിക്കുക — സിഗററ്റിന്റെ എണ്ണം കുറയ്ക്കുകയും തുടര്‍ന്ന് നിര്‍ത്തുകയും ചെയ്യാം, അല്ലെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കാം.
3. വിദഗ്ദ്ധ ഉപദേശത്തിനായി ഡോക്ടറോട് സംസാരിക്കുക (നിക്കോട്ടിന്‍ തെറാപ്പി, മരുന്നുകള്‍).
4. ആരോഗ്യപരമായ ജവിതശൈലി രൂപീകരിക്കുക (ഭക്ഷണം, വ്യായാമം).
5. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മാനസിക പിന്തുണ ആവശ്യപ്പെടുക. 

പുകവലി ഉപേക്ഷിക്കാന്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കാം

1. നിങ്ങളുടെ സമൂഹത്തിലെ പുകവലി ശീലമുള്ളവരെ തിരിച്ചറിയുക.
2. അവരെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുക.
3. ഉപേക്ഷിക്കാനുള്ള അവരുടെ സന്നദ്ധത നിര്‍ണ്ണയിക്കുക.
4. ഉപേക്ഷിക്കാന്‍ അവരെ സഹായിക്കുക.

മരുന്നുകളുടെ സഹായത്തോടെ പുകവലിശീലം നിര്‍ത്തുന്നത്, COPD രോഗ നിയന്ത്രണം കൂടുതല്‍ ഫലപ്രദമായി കൈവരിക്കാനാകും.

2. ഉചിതമായ മരുന്നുകള്‍

രോഗലക്ഷണങ്ങള്‍, രോഗത്തിന്റെ ആവൃത്തി, തീവ്രത എന്നിവ കുറയ്ക്കാനും വ്യായാമം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യനില മെച്ചപ്പെടുത്താനും സിഒപിഡി ചികിത്സയില്‍ മരുന്നുകള്‍ ആവശ്യമാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം, രോഗം മൂര്‍ച്ഛിക്കുന്നതിന്റെ ആവൃത്തി, മരുന്നിനും ചികിത്സയ്ക്കും താങ്ങാനാവുന്ന വില, ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു ഇന്‍ഹേലര്‍ ഉപയോഗിച്ചാണ് അടിസ്ഥാന ചികിത്സ ആരംഭിക്കുന്നത്. ആസ്ത്മയില്‍ നിന്ന് വ്യത്യസ്തമായി, പ്രാഥമിക ചികിത്സ നോണ്‍-സ്റ്റിറോയിഡ് അടങ്ങിയതാണ്. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത്. മരുന്നിന്റെ ലഭ്യത, ചികിത്സാ ചെലവ്, രോഗിയുടെ താത്പര്യം എന്നിവയെ ആശ്രയിച്ച് ഇന്‍ഹേല്‍ഡ് മരുന്നുകള്‍ വ്യക്തിഗതമായി ക്രമീകരിക്കുന്നു. ലഭ്യമായ ഉപകരണങ്ങള്‍ മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലര്‍ (Metered dose inhaler) / ഡ്രൈ പൗഡര്‍ ഇന്‍ഹേലര്‍ (Dry pow­der inhaler) / നെബുലൈസര്‍ മരുന്നുകള്‍ (Neb­u­liz­er med­i­cines) എന്നിവയാണ്.

ശ്വസിക്കുന്ന മരുന്നുകള്‍ അഥവാ ഇന്‍ഹേലര്‍ — വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു, കുറഞ്ഞ അളവിലുള്ള മരുന്ന് അടങ്ങിയിരിക്കുന്നു, പാര്‍ശ്വഫലങ്ങള്‍ കുറവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. രോഗ വര്‍ദ്ധന പ്രതിരോധിക്കുന്നതിനും രോഗ തീവ്രത കുറയ്ക്കുന്നതിനും ശരിയായ ഇന്‍ഹേലര്‍ ഉപയോഗം സഹായിക്കുന്നു. ഇന്‍ഹേലര്‍ ആശ്രിതത്വവും ആസക്തിയും ഉണ്ടാക്കുന്നു എന്ന മിഥ്യാധാരണ ഇപ്പോഴും നിലനില്‍ക്കുന്നു, എന്നാല്‍ ശ്വസിക്കുന്ന മരുന്നുകളില്‍ ആസക്തിയുള്ള കണികകള്‍ / മരുന്നുകള്‍ അടങ്ങിയിട്ടില്ല.

3. കുത്തിവയ്പ്പ്

i. അടിയ്ക്കടി ഉണ്ടാകുന്ന Exac­er­ba­tion തടയാന്‍ (ലക്ഷണങ്ങളുടെ വര്‍ദ്ധനവ്) ഇന്‍ഫ്ലുവന്‍സ വാക്സിന്‍ (influen­za vac­cine) COPD ഉള്ള എല്ലാ രോഗികള്‍ക്കും നിര്‍ദ്ദേശിക്കുന്നു. മുട്ട അലര്‍ജി (Egg Aller­gy) / ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (Guil­lain-Barre syn­drome) / അനാഫൈലക്സിസ് (Ana­phy­lax­is) എന്നിവ മുമ്പ് വന്നിട്ടില്ലെങ്കില്‍, ഒരാള്‍ക്ക് സുരക്ഷിതമായി ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കാം. വാര്‍ഷിക ബൂസ്റ്റര്‍ ഡോസുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ii. ന്യൂമോകോക്കല്‍ വാക്സിന്‍ (Pneu­mo­coc­cal vac­cine) — 65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്ക് PCV13, PPSV23 വാക്സിനുകള്‍ നിര്‍ദ്ദേശിക്കുന്നു.

iii. ഇപ്പോള്‍ കോവിഡ്-19 വാക്സിന്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

iv. കുട്ടിക്കാലത്ത് വാക്സിനേഷന്‍ നല്‍കിയില്ലെങ്കില്‍ പെര്‍ട്ടുസിസ് അല്ലെങ്കില്‍ വില്ലന്‍ ചുമ വാക്സിന്‍ (Per­tus­sis or whoop­ing cough).

4. പള്‍മണറി റീഹാബിലിറ്റേഷന്‍

COPD ചികിത്സയുടെ അവിഭാജ്യ ഘടകമായ ഒരു പൂരക ചികിത്സാ രീതിയാണ് റീഹാബിലിറ്റേഷന്‍ അധവാ പുനരധിവാസം. ഈ സാങ്കേതിക രീതിയ്ക്ക് ഗണ്യമായ ഗുണങ്ങളുണ്ട്. സിഒപിഡി രോഗിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു, ഇത് ജീവിത നിലവാരം കുറയുന്നതിനും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

COPD, പ്രമേഹം, പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ തുടങ്ങിയ അവസ്ഥയിലുള്ള രോഗികള്‍ക്ക് പുനരധിവാസം ഗുണം ചെയ്യും. പുനരധിവാസം എപ്പോഴാണ് ആരംഭിക്കേണ്ടത്? സിഒപിഡി രോഗനിര്‍ണ്ണയത്തിലൂടെ രോഗ തീവ്രത രൂക്ഷമായെന്നും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടെന്നും മനസ്സിലാക്കിയാല്‍ പുനരധിവാസം ആരംഭിക്കണം. COPD 2022‑നുള്ള GOLD മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായി എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന രീതിയില്‍ പുനരധിവാസം അത്യന്താപേക്ഷിതമാക്കാന്‍ WHO ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യായാമ ശീലവും നല്ല പോഷകാഹാരവും പുനരധിവാസത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമ പരിശീലനത്തിനായി സഹിഷ്ണുത പരിശീലനം, ശ്വസനപേശി ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുന്നു.

5. പോഷകാഹാരം

സിഒപിഡി രോഗികളില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും രോഗ തീവ്രത കൂടുന്നതിന്റെ സൂചനയാണ്. COPD ഉള്ള 30% — 60% രോഗികള്‍ പോഷകാഹാരക്കുറവുള്ളവരാണ്. COPD‑യില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ സപ്ലിമെന്റാണ് നിര്‍ദ്ദേശിക്കുന്നത്.

6. കോ-മോര്‍ബിഡിറ്റികളുടെ നിയന്ത്രണം

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (Obstruc­tive Sleep Apnea) (OSA — കൂര്‍ക്കംവലി, അമിതമായ ഉറക്കം), ഡയബറ്റിസ് മെലിറ്റസ് (DM — Dia­betes mel­li­tus), ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ COPD‑യുമായി അനുബന്ധിച്ച് വന്നേക്കാം. COPD യുടെ ഗണ്യമായ നിയന്ത്രണത്തിന് ഈ രോഗങ്ങളുടെ നിയന്ത്രണം അത്യാവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ ശരിയായ അളവ്, ഓസ്റ്റിയോപൊറോസിസ് സപ്ലിമെന്റ്, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവ COPD നിയന്ത്രണത്തിന് സഹായിക്കുന്നു.
ക്രമേണ പുരോഗമിക്കുന്ന രോഗമാണ് COPD. നേരത്തെയുള്ള രോഗനിര്‍ണ്ണയം, ശരിയായ ചികിത്സ, രോഗ തീവ്രത തടയുന്നതിനുള്ള നടപടികള്‍ എന്നിവ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ശ്വാസകോശ പ്രവര്‍ത്തനക്കുറവ് പരിഹരിക്കുകയും അതുവഴി രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. COPD രോഗ തീവ്രത തടയുന്നതിന് നമ്മുടെ ചെറുപ്പക്കാര്‍ ഈ രോഗത്തെക്കുറിച്ച് അവബോധിതരാകണം. സിഒപിഡിയില്‍ നിന്നും രക്ഷ നേടുന്നതുനായി എസ് യു ടി പള്‍മണോളജി വിഭാഗം നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹായവും ഉറപ്പ് നല്‍കുന്നു.

ഡോ. അശ്വതി താഴക്കോട്ടുവളപ്പിൽ
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.