21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

ഇനി സൂപ്പർ ദിനങ്ങൾ; ടി20 ലോകകപ്പ് സൂപ്പര്‍ 8ന് ഇന്ന് തുടക്കം

Janayugom Webdesk
കൊളംബോ
February 21, 2026 7:24 am

ടി20 ലോകകപ്പിലെ ആവേശകരമായ സൂപ്പർ എട്ട് മത്സരങ്ങൾ ഇന്ന് മുതല്‍. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകൾ സെമി ഫൈനൽ ലക്ഷ്യമിട്ടാണ് ഇനി കളത്തിലിറങ്ങുന്നത്. ന്യൂസിലാന്‍ഡ്-പാകിസ്ഥാന്‍ മത്സരത്തോടെയാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. രാത്രി ഏഴിനാണ് മത്സരം. നാളെ വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും. അപരാജിതരായി മുന്നേറുന്ന നാല് ടീമുകളാണ് ഗ്രൂപ്പ് വണ്ണിൽ സെമി ഫൈനൽ ടിക്കറ്റിനായി ഏറ്റുമുട്ടുന്നത്. ഈ സെമി ഫൈനൽ പ്രവേശനം ഇന്ത്യക്ക് കടുപ്പമാക്കും. നമീബിയ, നെതർലൻഡ്‌സ്, പാകിസ്ഥാൻ, യുഎസ് എന്നിവരെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയെത്തി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ്. അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ് ഉൾപ്പെടെയുള്ളവരെ തോൽപ്പിച്ച് നാല് ജയവുമായി ദക്ഷിണാഫ്രിക്ക എത്തുന്നു. കന്നി കിരീടമാണ് ലക്ഷ്യം.

രണ്ടാം ഗ്രൂപ്പിൽ ഉൾപ്പെട്ട എല്ലാ ടീമുകളും (ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക) ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയവും ഓരോ തോൽവിയും വഴങ്ങിയവരാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റതോടെ അവർ സൂപ്പർ എട്ട് കാണാതെ പുറത്തായി. അയലന്‍ഡിനെതിരെയും ഒമാനെതിരിരെയും വിജയം നേടി. സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും കാനഡയെ 82 റണ്‍സിന് തകർത്ത് അഫ്ഗാനിസ്ഥാൻ അഭിമാനത്തോടെ മടങ്ങി.

തോല്‍വിയറിയാത്തവര്‍ ഒരു ഗ്രൂപ്പില്‍; ഐസിസിക്കെതിരെ വിമർശനം

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരക്രമം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ലോകത്ത് വ്യാപക പ്രതിഷേധം. പ്രാഥമിക ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കരുത്തരായ ടീമുകളെല്ലാം ഒരേ ഗ്രൂപ്പിൽ വരുന്ന രീതിയിലാണ് ഐസിസി ക്രമീകരണം നടത്തിയിരിക്കുന്നത്. സാധാരണയായി ഗ്രൂപ്പ് ജേതാക്കൾക്ക് അടുത്ത റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇവിടെ ഇന്ത്യ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് ഗ്രൂപ്പ് ജേതാക്കളും (ഒപ്പം അട്ടിമറി വീരന്മാരായ സിംബാബ്‌വെയും) ഒരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് 1) ഉൾപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതെത്തിയ ടീമുകളെല്ലാം (ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക) മറ്റൊരു ഗ്രൂപ്പിലായി (ഗ്രൂപ്പ് 2). ഇത് രണ്ടാം സ്ഥാനക്കാർക്ക് സെമി പ്രവേശനം എളുപ്പമാക്കുന്നു എന്ന വാദമാണ് ഉയരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ടീമുകളിൽ രണ്ട് പേർക്ക് സെമി കാണാതെ പുറത്താകേണ്ടി വരും. ഇത് ഗ്രൂപ്പ് ചാമ്പ്യന്മാരോടുള്ള അനീതിയാണെന്ന് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണന സാധ്യതകൾ കണക്കിലെടുത്താണ് ഐസിസി ഈ സീഡിങ് രീതി അവലംബിച്ചത്. ഇന്ത്യയെപ്പോലുള്ള വലിയ ടീമുകളുടെ മത്സരങ്ങൾ എവിടെ, എപ്പോൾ നടക്കുമെന്ന് നേരത്തെ നിശ്ചയിക്കുന്നത് സ്പോൺസർമാർക്കും കാണികൾക്കും സൗകര്യപ്രദമാണ്. ടീമുകളുടെ യാത്രാ സൗകര്യങ്ങളും വിസ ക്രമീകരണങ്ങളും നേരത്തെ പ്ലാൻ ചെയ്യാൻ ഇത് സഹായിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.