
പ്രവാസി കേരളീയരുടെ പരാതികളും വിദേശ തൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയറ്റിലാണ് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ നടപ്പിലാക്കാന്‍ തീരുമാനമായത്. കേരളം മുഴുവന്‍ അധികാരപരിധിയുള്ള 50 അംഗ പൊലീസ് സേനാ സംവിധാനത്തിനാണ് തീരുമാനം. സാമ്പത്തിക തട്ടിപ്പുകള്‍, നിയമവിരുദ്ധ വിദേശ തൊഴില്‍ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത്, തൊഴിൽ കരാര്‍ ലംഘനങ്ങള്‍, പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ, വസ്തുകയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടാണ് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പിലാക്കുന്നത്.
നിലവില്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എൻആർഐ സെൽ നിലവിലുണ്ട്. എന്നാല്‍, പ്രവാസികളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണങ്ങള്‍ക്കും വിപുലവും ശക്തവുമായ പൊലീസ് സംവിധാനം വേണമെന്ന് പ്രവാസികള്‍ ലോകകേരള സഭകളില്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ലോകകേരള സഭാ സെക്രട്ടേറിയറ്റ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ടതും പ്രവാസികള്‍ക്കുകൂടി പ്രയോജനപ്പെടുന്നതുമായ വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും സംവിധാനങ്ങളുടേയും ഏകോപനത്തിനായുള്ള കൂട്ടായ്മയായി പ്രവാസി മിഷനും യാഥാര്‍ത്ഥ്യമാവുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ ജൂണില്‍ ആരംഭിക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ മനാമയിലെ ഓപ്പൺ ഫോറത്തില്‍ വ്യക്തമാക്കി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശേരിയും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.