22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

ആകാശവാണിയിലും ദൂരദര്‍ശനിലും ഇനി ആര്‍എസ്എസ് വാര്‍ത്തകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 10:51 pm

രാജ്യത്തെ ഏറ്റവും ജനപ്രിയവും കേന്ദ്ര ഉടമസ്ഥതയിലുള്ളതുമായ ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ വാര്‍ത്തകള്‍ ഇനിമുതല്‍ ആര്‍എസ്എസ് നിശ്ചയിക്കും. ഇവ രണ്ടിനും വാര്‍ത്തകള്‍ നല്കുന്നതിനുള്ള ഉത്തരവാദിത്തം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സിക്കു നല്കി കരാര്‍ ഒപ്പിട്ടു.
നിഷ്പക്ഷവും വിശ്വസനീയവുമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യെ ഒഴിവാക്കിയാണ് ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ ഭാരതി കരാറുണ്ടാക്കിയിരിക്കുന്നത്. ഈ മാസം ഒമ്പതിന് ഇരുകക്ഷികളും രണ്ട് വര്‍ഷത്തെ 7.7 കോടി രൂപയുടെ ഔദ്യോഗിക കരാറില്‍ ഒപ്പുവച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2017 മുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സൗജന്യ നിരക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രസാര്‍ ഭാരതിക്ക് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി പിടിഐയുമായുള്ള കരാര്‍ 2020ല്‍ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചു. നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ പിടിഐയുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ കേന്ദ്രം എതിര്‍ത്തിരുന്നു. വാർത്താ ഏജൻസികളായ പിടിഐ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) എന്നിവയുമായി നരേന്ദ്ര മോഡി സർക്കാര്‍ ഇടയുകയും ചെയ്തു. 

2016ല്‍ എം കെ റസ്ദാന്‍ വിരമിച്ചതിനു പിന്നാലെ പിടിഐയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ആളെ നിയമിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും ഏജന്‍സി ആവശ്യം നിരസിച്ചു. 2017 ൽ പരമ്പരാഗത വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. അന്യായമായ വരിസംഖ്യ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിടിഐയും യുഎന്‍ഐയും സര്‍ക്കാരിനെതിരെയുള്ള വാര്‍ത്താ ഫീഡുകളും നല്കിവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഏജന്‍സിയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. 

1948ൽ മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായിരുന്ന ശിവറാം ശങ്കർ ആപ്‌തേയും ആർ എസ്എസ് സൈദ്ധാന്തികനായ എം എസ് ഗോൾവാൾക്കറും ചേര്‍ന്നാണ് ബഹുഭാഷാ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ സ്ഥാപിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം 1986ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനം 2002ല്‍ എ ബി വാജ്‌പേയ് അധികാരത്തിലെത്തിയതോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 

മോഡി സർക്കാർ അധികാരത്തിൽ വന്നതു മുതൽ, സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ് ഹിന്ദുസ്ഥാൻ സമാചാർ. കൂടാതെ ആർഎസ്‌എസിന്റെ ഡൽഹി ഓഫിസിന് സമീപമുള്ള അവരുടെ ചെറിയ ഓഫിസ് നോയിഡയിലെ വലിയ ഓഫിസിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: Now RSS news on Aakash­vani and Doordarshan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.