സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉല്പന്നങ്ങൾക്ക് കേരള ബ്രാൻഡിങ് നൽകുന്നതെന്നും ഗുണനിലവാരം, നെെതിക ഉല്പാദനം എന്നിവയെ ആധാരമാക്കി നൽകുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിങ് സംസ്ഥാനത്തെ സംരംഭകർക്ക് വലിയ ആത്മവിശ്വസം പകരുമെന്നും വ്യവസായ മന്ത്രി പി രാജീവ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് വെളിച്ചെണ്ണ ഉല്പാദകർക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന് അഭിമാനകരമായ നിമിഷമാണിത്.
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആവിഷ്കരിച്ച ഘട്ടത്തിൽ തന്നെ വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് മാർക്കറ്റ് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും, വിപണി എങ്ങനെ വിപുലപ്പെടുത്താൻ കഴിയും എന്ന് ആലോചിച്ചിരുന്നു. അതിലൊന്ന് ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങൾക്ക് കെ സ്റ്റോർ വഴി അതാത് പ്രദേശത്ത് വിൽക്കാനുള്ള സംവിധാനം ഒരുക്കലായിരുന്നു. അതിന് വ്യവസായ വകുപ്പ് പൊതുവിതരണവകുപ്പുമായി ധാരണപത്രം ഒപ്പിടുകയും സംവിധാനം ഒരുക്കുകയും ചെയ്തു. ഒരു കോടി രൂപയുടെ ഉല്പന്നങ്ങൾ ഇത്തരത്തിൽ പ്രാദേശികതലത്തിൽ വില്‍ക്കാൻ കഴിഞ്ഞു.
കൂടാതെ ഇ — കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വഴിയും, സഹകരണ, സ്വകാര്യ മാളുകൾ വഴിയും പ്രത്യേക പരിഗണനയോടെ പ്രാദേശിക ഉല്പന്നങ്ങളുടെ വില്പനയ്ക്ക് അവസരമൊരുക്കി. ഇതിന്റെ തുടർച്ചയായാണ് കേരളബ്രാൻഡിങ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്തഘട്ടത്തിൽ കുടിവെള്ളം, ഫുട്ട്‌വേർ, നെയ്യ്, തേൻ എന്നിവ അടക്കം 14 ഉല്പന്നങ്ങൾക്ക് കൂടി സർട്ടിഫിക്കേഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ എആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ, കോട്ടയത്തെ കെഡിസൺ എക്സ്പെല്ലേഴ്സ്, എറണാകുളത്തെ വാരപ്പെട്ടി കോക്കനട്ട് ഓയിൽ, കണ്ണൂരിലെ കെഎം ഓയിൽ ഇൻഡസ്ട്രീസ്, സഹകാരി ഓയിൽ, കാസർകോട്ടെ കല്ലത്ര ഓയിൽ മിൽസ് എന്നിവർക്കാണ് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകിയത്. മെയ്ഡ് ഇൻ കേരള ലോഗോ ഡിസൈൻ ചെയ്ത ലതീഷ് ലക്ഷ്മണിനെ ചടങ്ങിൽ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.