3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 15, 2024
August 17, 2024
July 12, 2024
July 9, 2024
July 5, 2024
June 24, 2024
May 30, 2024
February 4, 2024
December 27, 2023

പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി സുതാര്യ നിയമനം

ശ്യാമ രാജീവ്
തിരുവനന്തപുരം
December 27, 2023 10:56 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ മറ്റൊരു പ്രഖ്യാപനം കൂടി യാഥാര്‍ത്ഥ്യമായി. കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ബോർഡിന്റെയും പുതിയ ഓഫിസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി നിർവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി സർക്കാർ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ് കെപിഇഎസ്ആർബി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടനപത്രികയിലെ 94-ാമത്തെ വാഗ്ദാനമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്.
തുടക്കമെന്ന നിലയില്‍ വ്യവസായ‑വാണിജ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള 20 പൊതുമേഖല സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബോര്‍ഡിനെ ഏല്പിച്ചിട്ടുള്ളത്. ഇതോടൊപ്പം 22 പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ‍ഡയറക്ടര്‍ നിയമനത്തിനുള്ള സെലക്ഷനും ബോര്‍ഡിനാണ്. 12 പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍ തസ്തികയ്ക്കുള്ള സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായി. പൊതുമേഖല സ്ഥാപനങ്ങളിലെ ഒരു വര്‍ഷത്തിലധികം കാലാവധിയുള്ള കരാര്‍ നിയമനങ്ങളും ബോര്‍ഡിന്റെ പരിധിയില്‍ വരും. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാകും അപേക്ഷകൾ സ്വീകരിക്കുക. 

പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ഈ വർഷം മേയിലാണ്. മുൻ ചീഫ് സെക്രട്ടറി വി പി ജോയി ആണ് ചെയർമാൻ. അംഗങ്ങളായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ വി രാജീവൻ, കെഎസ്ഇബി മുൻ ചീഫ് എന്‍ജിനീയർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എന്‍ജിനിയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ജനറൽ മാനേജർ ലത സി ശേഖർ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ ഷറഫുദ്ദീൻ എന്നിവരെയും നിയമിച്ചു. 

മികച്ച വരുമാനത്തിന് പൊതുമേഖലയെ സഹായിക്കുക ലക്ഷ്യം

പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിൽ വ്യവസായ മേഖലയ്ക്ക് പ്രധാന പങ്കാണുള്ളത്. സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതുമേഖലയ്ക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് നിയമന രീതിയിലും എണ്ണത്തിലും പിഎസ്‌സി മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്. ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിലുള്ള സംസ്ഥാനങ്ങളും യുപിഎസ്‌സി അടക്കമുള്ള കേന്ദ്ര സ്ഥാപനങ്ങളും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ നിയമനങ്ങളാണ് നടത്തുന്നത്. പിഎസ്‌സിയുടെ അതേ കാര്യക്ഷമതയോടെ എംഡി അടക്കമുള്ളവരെ നിയമിക്കുന്നത് കെപിഇഎസ്ആർ ബോർഡിലൂടെയായിരിക്കും.
എൽഡിഎഫ് പത്രികയിലെ വാഗ്ദാനമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Now trans­par­ent recruit­ment in pub­lic sec­tor institutions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.