ജാതി സംവരണം വംശീയമായ വിവേചനം വർദ്ധിപ്പിക്കുന്നതിനും വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും, വർഗീയതയ്ക്കും വഴിതെളിക്കുമെന്നതിനാൽ ജാതി സംവരണം അവസാനിപ്പിച്ച് ജാതി തിരിച്ചുള്ള സെൻസസ് സർക്കാർ ഉപേക്ഷിക്കണമെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സംവരണമുള്ള ജാതിക്കാരും സംവരണാനകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവർണ്ണ — അവർണ്ണ സംസ്കാരം വളർന്നു വരുന്നതിന് ആധാരം ജാതി സംവരണമാണ്.
ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായ സാമൂഹ്യപരമായും തൊഴിൽ പരമായും പിന്നാക്കം നിൽക്കുന്നവരെ വരെ മുഖ്യധാരയിൽ എത്തിക്കാൻ ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ട്. വോട്ടു രാഷ്ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിർത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരിൽ രാജ്യത്ത് വർഗ്ഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുകയും ചെയ്യുന്ന ജാതി സംവരണം അവസാനിപ്പിച്ച് ജാതി തിരിച്ചുള്ള സെൻസസ് ഉപേക്ഷിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് എന്‍എസ്എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പെരുന്ന മന്നം നഗറിൽ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി സംസാരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്‍എസ്എസിന്റെ നേതാക്കൾ പെണ്ണ് പിടിക്കാനോ, അഴിമതിയൊ നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കട്ടെ അല്ലെങ്കിൽ കേസ് കൊടുക്കട്ടെ. എന്‍എസ്എസ് കരയോഗത്തിന്റെ തിണ്ണയിൽ പോലും നിൽക്കാത്തവരാണ് എന്‍എസ്എസിനെ വിമർശിക്കുന്നത്. സൂക്ഷിച്ചു നിന്നില്ലെങ്കിൽ അവരുടെയൊക്കെ മുറ്റത്ത് കുഴി കുത്തി നമ്മളെ കൊണ്ട് കഞ്ഞി കുടിപ്പിക്കും. രാഷ്ട്രീയത്തിൽ പോകുന്നവർ പോകട്ടെ, പക്ഷെ പെറ്റതള്ളയെ തള്ളിപ്പറയരുത്.
സമുദായത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളിലും, കുടുംബ പ്രശ്നങ്ങളിലും മറ്റുള്ളവർ ഇടപെടാൻ അവസരമുണ്ടാവരുത്.
സമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നായർ സമുദായം ഇല്ലാതാകും. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ കാലത്ത് ഉണ്ടായിരുന്നതല്ലാതെ എന്തുണ്ട് എന്ന് ചോദിക്കുന്നവരുണ്ട്. സമുദായാചാര്യൻ സ്ഥാപിച്ചത് സംരക്ഷിച്ചു നിർത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. മന്നത്തിന്റെ കാലത്ത് 90 സ്ക്കൂൾ ഉണ്ടായിരുന്നിടത്ത് 38 ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പടെ 63 സ്കൂളുകളും
18 കോളജ് ഉണ്ടായിരുന്നിടത്ത് 9 കോളജിന്റേയും, 8 എസ്റ്റേറ്റിന്റെ സ്ഥാനത്ത് 16 സ്ഥലത്ത് കൃഷി തുടങ്ങി, 3 ഗസ്റ്റ് ഹൗസ്, 16 വർക്കിംഗ് ഹോസ്റ്റൽ, 7 ഹോസ്പിറ്റലിന്റെ സ്ഥാനത്ത് ആധുനിക സജീകരണങ്ങളോടെയുള്ള രണ്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടേയും വർദ്ധനവ് ഉണ്ടായതായി സുകുമാരൻ നായർ പറഞ്ഞു.
കോൺഗ്രസുകാർ ഇപ്പോൾ നമ്മളെ അന്വേഷിച്ചു വരുന്നില്ലന്നും, പിന്നെ ഇലക്ഷൻ വരുമ്പോൾ ചേട്ടാ എന്ന് വിളിച്ചു വരുമെന്നും കോൺഗ്രസ് നേതാക്കളെ രൂക്ഷമായി പരിഹാസത്തോടെ വിമർശിച്ച ശേഷമാണ് സുകുമാരൻ നായർ പ്രസംഗം അവസാനിപ്പിച്ചത്.
അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനായിരുന്നു.
എന്‍എസ്എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ കൃതജ്ഞതയും പറഞ്ഞു.
English Summary;NSS wants governments to withdraw from caste-wise census measures
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.