വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്‍ എസ് എസ് തീരുമാനം. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും തുടക്കമിട്ടത് ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ മന്നത്തുപത്മനാഭൻ നേതൃത്വം ഏറ്റെടുത്തശേഷം പ്രസ്തുത സത്യാഗ്രഹങ്ങൾ, എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ളതായി മാറി. ഇതുവഴിയാണ് കേരളത്തിലെ നവോത്ഥാനസംരംഭങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിപ്ലവാത്മകമായ ഈ സംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്. എന്നാൽ, ഇതു സംബന്ധിച്ച തുടർന്നുള്ള ചടങ്ങുകളിലൊക്കെ, മന്നത്തിനോടൊപ്പമുണ്ടായിരുന്നവർക്ക് നല്കിവരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്ക്കോ നല്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, ബോധപൂർവം അവഗണിക്കുന്ന സമീപനമാണ് ഇന്നോളം ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ എന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരുംതന്നെ ഇന്നോളം തയ്യാറായിട്ടില്ല. നവോത്ഥാനപ്രവർത്തനങ്ങൾകൊണ്ട് നമ്മുടെ നാടിനുണ്ടായ മാറ്റങ്ങളിൽ സന്തോഷിക്കുന്നത് നല്ലതുതന്നെ. അതിൽ ഏറ്റവും അർഹതപ്പെട്ടവർ അതിന്റെ ഗുണഭോക്താക്കളുമാണ്. അതിൽ എന്‍എസ്എസ് അഭിമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംഘാടകസമിതിയിൽ വൈസ്ചെയർമാൻമാരിൽ ഒരാളായി എൻ. എസ്. എസ്സിനു വേണ്ടി ജനറൽ സെക്രട്ടറിയെ ഉൾപ്പെടുത്തിയതായി പത്രവാർത്ത കണ്ടു.
സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്ക്കുന്നത് എന്നുള്ളതുകൊണ്ട് നായർ സർവീസ് സൊസൈറ്റി അതിൽനിന്ന് ഒഴിഞ്ഞുമാറിനിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തിൽ അഭിമാനംകൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നവോത്ഥാനസംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റെ പാത നായർ സർവീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യും എന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.