കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പ്രോസിക്യൂഷന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സർക്കാർ വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അഡ്വക്കറ്റ് ജനറലിന് കത്ത് നൽകിയിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജിതേഷ് ജെ ബാബുവിന്റെ നിയമോപദേശവും കത്തിനൊപ്പമുണ്ട്. 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിക്ക് എതിരാണ് കോടതിവിധിയെന്നാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അതിജീവിതയുടെ അപ്പീലും പ്രോസിക്യൂഷന്റെ അപ്പീലും കോടതിക്ക് മുമ്പിൽ എത്തുന്നതിനാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആകും അപ്പീൽ പരിഗണിക്കുക. മധ്യവേനലവധി തുടങ്ങുന്ന ഏപ്രിൽ 7ന് മുമ്പ് അപ്പീൽ ഫയൽചെയ്യാനാണ് തീരുമാനം.
English Summary:Nun torture case: Appeal against bishop imminent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.