കേരളത്തില്‍ എല്ലാ വ്യവസായങ്ങളും കരകയറാന്‍ പാടുപെടുമ്പോള്‍ മാനംമുട്ടെ വളരുന്ന ഒരു വ്യവസായമേയുള്ളു, വൃദ്ധസദനങ്ങള്‍. മലയാളി കുടുംബങ്ങളില്‍ നിറഞ്ഞുനിന്ന സ്നേഹാദരങ്ങളും ചേര്‍ത്തുപിടിക്കലുമെല്ലാം അസ്തമിക്കുന്ന കെട്ടകാലത്തിന്റെ സൂചനയാകുന്നു വൃദ്ധസദന വ്യവസായത്തിന്റെ വസന്തകാലം. വൃദ്ധരായാല്‍ മാതാപിതാക്കളെ ശരണാലയങ്ങളില്‍ കൊണ്ടുചെന്നു തള്ളുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. അതല്ലെങ്കില്‍ മഹാക്ഷേത്രങ്ങളുടെ മുന്നില്‍ കൊണ്ടുവന്നു നടതള്ളും. സംസ്ഥാനത്ത് 1,700ലേറെ വൃദ്ധസദനങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രജിസ്റ്റര്‍ ചെയ്യാത്ത വ്യാജന്മാരും നിരവധി. എറണാകുളമാണ് വൃദ്ധസദനങ്ങളുടെ പെരുക്കത്തില്‍ ഒന്നാമത്. ഇവിടെ അന്തേവാസികളുടെ എണ്ണം 3101. തൃശൂര്‍ 2288, എറണാകുളം 1071, കോട്ടയം 2849, കണ്ണൂര്‍ 1403, ഇടുക്കി 1221 അങ്ങനെ നീളുന്നു വൃദ്ധാലയ അംഗസംഖ്യ. ഇതില്‍ അന്തേവാസികളില്‍ നിന്നും പ്രതിമാസം 85,000 രൂപവരെ ഈടാക്കുന്ന നക്ഷത്ര ശരണാലയങ്ങളുമുണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ താമസവും ഭക്ഷണവും നല്‍കുന്ന വൃദ്ധസദനങ്ങള്‍ തയ്യാര്‍ എന്ന പരസ്യങ്ങളുടെ പൂരമാണ് നമ്മുടെ മാധ്യമങ്ങളില്‍. പണം കൊടുത്തായാലും വൃദ്ധരെ നടതള്ളുന്ന ഹീനസംസ്കാരം മലയാളി കുടുംബങ്ങളില്‍ ദിനേന കൂടിക്കൂടിവരുന്ന ദുരന്തം. പണമില്ലാതെ വൃദ്ധമാതാക്കളെ സ്വീകരിക്കുന്ന ജീവകാരുണ്യ വൃദ്ധസദനങ്ങളില്‍ മക്കളുടെ ഉന്തുംതള്ളലുമാണ്.
ഇതിനെല്ലാമിടയില്‍ ഇന്നലെ ഒരു കുടുംബ കൂട്ടായ്മയുടെ സമൂഹമാധ്യമത്തിലെ കുറിപ്പുകണ്ടു. ചന്ദ്രന്‍ നായര്‍ ഇന്ന് തന്റെ തൊഴിലിടത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നുവെന്നാണ് പോസ്റ്റ്. മക്കളാണ് പോസ്റ്റിട്ടിരിക്കുന്നത്. തലസ്ഥാനത്ത് പാങ്ങോട് മത്സ്യചന്തയിലെ തൊഴിലാളിയായ ചന്ദ്രന്‍ നായരെന്ന തങ്ങളുടെ പിതാവ് 35വര്‍ഷത്തിനുശേഷം തൊഴിലിടത്തോടു വിടചൊല്ലി വിശ്രമജീവിതത്തിലേക്ക് കടക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മൂന്നരപ്പതിറ്റാണ്ടിനുള്ളില്‍ തങ്ങള്‍ രണ്ട് ആണ്‍ മക്കളെ പഠിപ്പിച്ച് മോശമല്ലാത്ത ജോലികളിലെത്തിച്ചു. മീന്‍ചന്തയിലെ ചുമടെടുപ്പു കഴിഞ്ഞാല്‍ ഓട്ടോ ഓടിച്ചാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയത്. രാവേറെ ചെല്ലുവോളം ഓട്ടോ ഓടിക്കും. പാതിരായാകുമ്പോള്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങും. പുലര്‍ച്ചെ മൂന്നര മണിയാകുമ്പോള്‍ പിന്നെയും മീന്‍ ചുമടെടുപ്പുകാരനായി പകര്‍ന്നാട്ടം. ഈ മനുഷ്യന്‍ വിശ്രമ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ക്ക് എന്ത് ആഹ്ലാദമാണെന്നോ എന്ന വാക്കുകളോടെയാണ് മക്കളുടെ കുറിപ്പ് ഉപസംഹരിക്കുന്നത്. ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന കടമ്മനിട്ടയുടെ ഓര്‍മ്മക്കുറിപ്പ് മറക്കുന്ന മലയാളി യുവതയ്ക്ക് മുന്നില്‍ സ്നേഹത്തിന്റെ ചെമ്പനീര്‍പ്പൂക്കളുടെ സുഗന്ധം പരത്തുന്ന മക്കള്‍.
നമ്മുടെ പൊലീസിന് ഒരു മാറ്റവും വന്നിട്ടില്ല. പണ്ടത്തെ പൊലീസിന്റെ ചിത്രങ്ങള്‍ നാമെല്ലാം കണ്ടിട്ടുണ്ടാവും. കൂമ്പന്‍ തൊപ്പി, മുട്ടിനു മുകളിലുള്ള കളസം, കാലില്‍ ചുറ്റിയ പട്ടീസില്‍ തിരുകിയ പെന്‍സിലും ഒരു കഷ്ണം കടലാസും എഫ്ഐആര്‍ തയ്യാറാക്കാനുള്ളതാണ്. നാലോ അഞ്ചോ ചക്രം കൈക്കൂലി വാങ്ങി കൊലപാതകിയെപ്പോലും രക്ഷിക്കാനുള്ള എഫ്ഐആര്‍ തയ്യാറാക്കാന്‍. എഫ്ഐആര്‍ ഇങ്ങനെയായിരിക്കും- ‘സംഗതിവശാല്‍ മൃതദേഹത്തെ ഒരു മാക്രി വലിച്ചിഴച്ചു കുന്നിന്‍ മുകളില്‍ കൊണ്ടുപോയതായി കാണപ്പെട്ടിരിക്കുന്നു. രണ്ടാം സംഗതിയായി മൃതദേഹത്തില്‍ കണ്ട ആഴമേറിയ പാടുകള്‍ മാക്രിയുടെ ആക്രമണത്തില്‍ ഏറ്റതാകാം. എന്നാല്‍ ഈ മുറിവുകള്‍ മരണകാരണമാകാനോ ആകാതിരിക്കാനോ ഉള്ള സാധ്യതകളാണുള്ളത്. അതിനാല്‍ പ്രതിയായ മാക്രിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമായി നടക്കുന്നു’. കൊലപാതകി മാക്രിയായി മാറുന്ന മഹസര്‍ റിപ്പോര്‍ട്ട്.
ഈയടുത്തുനടന്ന ചില സംഭവങ്ങളും ഈ മഹസറിനു സമാനം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയി. ഓസ്ട്രേലിയയില്‍ പൗരത്വമുള്ള കോടീശ്വരനായ ഡോ. ഗണേശ് ഝായെയും ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും ഹരിയാനയില്‍ നിന്നും ‘സാഹസികമായി’ പൊലീസ് അറസ്റ്റുചെയ്തു. പുരാവസ്തുക്കളുടെ കള്ളക്കടത്തു നടത്തുന്നവരാണ് പ്രതികള്‍ എന്ന് പൊലീസ്. 20ലക്ഷം കോടി സമ്പത്തുള്ളതും സ്വര്‍ണ ഊഞ്ഞാല്‍ മാലയും വജ്രരഥങ്ങളുമൊക്കെയുള്ള ക്ഷേത്രം കരിമ്പൂച്ചകളുടെയും പട്ടാളത്തിന്റെയും സംരക്ഷണത്തിലാണ്. എന്നിട്ടും മോഷണം നടന്നത് സംഗതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് പൊലീസ്. ഹരിയാനയില്‍ നിന്നുകൊണ്ടുവന്ന ഗണേശ് ഝാ ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മോഷണമല്ല കയ്യബദ്ധം പറ്റിയതാണെന്ന് പൊലീസ്. പ്രസാദപാത്രത്തില്‍ നിന്നു പ്രസാദം താഴെ വീണപ്പോള്‍ അതെടുത്ത് നിവേദ്യ ഉരുളിയില്‍ വച്ച് ഭക്തകോടീശ്വരന് സമര്‍പ്പിച്ചതാണത്രേ. ഉരുളി വീട്ടിലെ പൂജാമുറിയില്‍ കൊണ്ടുവച്ചാല്‍ ഐശ്വര്യ ദേവത കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം വസതിയില്‍ പൊറുതിയാകുമെന്ന് ധരിച്ചാണ് ഉരുളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ മാക്രി മഹസര്‍. പ്രതികള്‍ കോടീശ്വരന്മാരായതിനാല്‍ അവര്‍ക്ക് മോഷണത്തിന്റെ ആവശ്യവുമില്ലെന്ന് ടിപ്പണി. അവിടെയാണ് വിഷയം. കോടീശ്വരന്മാരായ പ്രതികളാണ് എപ്പോഴും രക്ഷപ്പെടുന്നത്.
കണ്ണൂര്‍ എഡിഎം ആയിരിക്കെ ആത്മഹത്യചെയ്ത നിര്‍ഭാഗ്യവാനായ നവീന് കുറച്ചുകൂടി ആത്മബലമുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. നവീന്‍ കൈക്കൂലിക്കാരനും അഴിമതിക്കാരനും മഹാപാപിയുമൊക്കെയാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കളക്ടറും ജീവനക്കാരുമടങ്ങുന്ന സദസിലെ വേദിയില്‍ അതിക്രമിച്ചുകയറിവന്ന് അധിക്ഷേപവര്‍ഷം ചൊരിഞ്ഞ ഹൃദയവേദനയിലാണ് അദ്ദേഹം ആത്മഹത്യചെയ്തത്. അദ്ദേഹത്തിന് ഉപഹാരം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതുതന്നെ തനിക്ക് അപമാനമാണെന്നുകൂടി പറഞ്ഞ് സ്ഥലം കാലിയാക്കിയ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ചിന്ത ഇവിടെ ഓര്‍മ്മിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.