
മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സംഘ്പരിവാർ. രാജസ്ഥാനിലെ ജയ്പൂരിൽ ആരാധനാലയത്തിൽ അതിക്രമിച്ചു കയറി ഗർഭിണിയും മലയാളി പാസ്റ്ററും അടക്കമുള്ളവരെ മർദിച്ച് പരിക്കേല്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിൽ ജയ്പൂരിലെ പ്രതാപ് നഗർ ചർച്ചിലാണ് ബജ്റംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കടന്ന് ബോവേൽ ഡാനിയേൽ എന്ന മലയാളി പാസ്റ്ററും ഗർഭിണിയായ യുവതിയുമടക്കം ആരാധനയിൽ സംബന്ധിച്ചിരുന്നവരെ വടികളുപയോഗിച്ച് അടിച്ചവശരാക്കിയത്.
മതപരിവർത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു അക്രമം. ചർച്ചിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകളും അക്രമികൾ കൈക്കലാക്കി. പൊലീസ് എത്തിയതിനാൽ കൂടുതൽ അതിക്രമമുണ്ടായില്ലെങ്കിൽ ഫോണുകൾ സംഘ്പരിവാറുകാർ കൊണ്ടുപോയി. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരമായുണ്ടാക്കി കൂടുതൽ സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയൽ നിയമം കൊണ്ടുവരുക എന്ന സംഘ്പരിവാർ ഗൂഢ അജണ്ടയും ഇതിന് പിന്നിലുണ്ടെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ പ്രതിദിനം രണ്ട് അക്രമം വീതം ഉണ്ടാകുന്നുണ്ടെന്നും ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 378 ക്രൈസ്തവർ വിവിധ ഭാഗങ്ങളിലായി ആക്രമിക്കപ്പെടുന്നുണ്ടെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഈയിടെ വ്യക്തമാക്കുകയുണ്ടായി. 2014ൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ 127 ആയിരുന്നെങ്കിൽ 2024ൽ അത് 834 ആയി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ, മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ് എന്ന ശീർഷകത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിശിത വിമർശനവുമായി കഴിഞ്ഞ ദിവസം കത്തോലിക്കാ സഭാ മുഖപത്രമായ ദീപിക പ്രസിധീകരിച്ച ലേഖനം ചർച്ചയായി. മാതാ അമൃതാനന്ദമയിയുടെ മഠത്തിൽ വിദേശികളായ ക്രിസ്ത്യാനികൾ ശിഷ്യരായി ചേരുമ്പോൾ പ്രശ്നമില്ല, ഇതര മതങ്ങളുടെ ചെറു കൂട്ടായ്മകളെപ്പോലും മതപരിവർത്തനമാരോപിച്ച് ശിക്ഷിക്കുകയാണെന്നാണ് ലേഖനത്തിലെ കുറ്റപ്പെടുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.