26 December 2024, Thursday
KSFE Galaxy Chits Banner 2

പലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കുക:ഇടതു പാര്‍ട്ടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2024 11:18 am

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിന്‌ ഒരു വർഷം തികയുന്ന ഒക്ടോബർ ഏഴിന്‌ പലസ്‌തീൻ ഐക്യദാർഢ്യദിനമായി ആചരിക്കാൻ അഞ്ച്‌ ഇടതുപക്ഷ പാർടികൾ സംയുക്തപ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു. 2023 ഒക്ടോബർ ഏഴിന്‌ ഇസ്രയേലിനുള്ളിൽ ഹമാസ്‌ നടത്തിയ ആക്രമണത്തിന്‌ തിരിച്ചടി എന്ന നിലയിൽ ഗാസയിലേയ്ക്ക് ഇസ്രയേൽ ക്രൂരവും വകതിരിവില്ലാത്തതുമായ ആക്രമണമാണ്‌ നടത്തുന്നത്‌.

ഇസ്രയേല്‍ കടന്നാക്രമണത്തിൽ ആഗസ്‌ത്‌ ആറ്‌ വരെ ജീവൻ നഷ്ടമായവരുടെ എണ്ണം 85,000 കവിയുമെന്ന്‌ ആധികാരിക മെഡിക്കൽ ജേർണലായ ദി ലാൻസെറ്റ്‌ റിപ്പോർട്ടിൽ പറയുന്നു.ഇസ്രയേൽ നടപടിവംശഹത്യക്ക്‌ ഇടയാക്കുമെന്ന്‌ ജനുവരിയിൽ നിരീക്ഷിച്ച അന്താരാഷ്‌ട്ര നീതിന്യായ കോടതി, സൈനിക നടപടി നിർത്താന്‍ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ടു.സ്‌ഫോടനത്തിന്‌ പേജറും ഇതര വാർത്താവിനിമയ ഉപകരണങ്ങളും ഉപയോഗിച്ച ഇസ്രയേൽ, സംഘർഷം മൂർച്ഛിപ്പിക്കുകയും ലബനനിലേയ്‌ക്കും വ്യാപിപ്പിക്കുകയും ചെയ്‌തു.

സമാധാനപ്രേമികളായ ഇന്ത്യൻ ജനത യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്‌ യുദ്ധത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ രാജ്യമെമ്പാടും ഇടതുപക്ഷ പാർടികൾ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും.

ഇസ്രയേലിലേയ്‌ക്കുള്ള ആയുധകയറ്റുമതി നിർത്തണമെന്നും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം നിലവിൽവരും വിധം ദ്വിരാഷ്‌ട്ര പരിഹാരം ഉണ്ടാക്കാന്‍ പ്രവർത്തിക്കണമെന്നും കേന്ദ്രസർക്കാരിനോട്‌ ഇടതുപക്ഷ പാർടികൾ ആവശ്യപ്പെട്ടു.ഡി രാജ(സിപിഐ),പ്രകാശ്‌ കാരാട്ട്‌(സിപിഐ (എം), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ–-ലിബറേഷൻ), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ജി ദേവരാജൻ(ഫോർവേഡ്‌ ബ്ലോക്ക്‌) എന്നിവരാണ് പ്രസ്‌താവന ഇറക്കിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.