
2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കടുത്ത പരാജയങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനയിലെ (ഐഡിഎഫ്) മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഐഡിഎഫ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, എയാൽ സമീർ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമാണ് ഐഡിഎഫ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സമഗ്രമായ അന്വേഷണങ്ങൾക്കൊടുവിലാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് ഓപ്പറേഷണൽ, ഇന്റലിജൻസ് ചുമതല വഹിച്ചവരിൽ ആരോൺ ഹലിവ, ഒഡെഡ് ബാസ്യുക്, യാരോൺ ഫിങ്കൽമാൻ എന്നീ മേജർ ജനറൽമാരെ റിസർവ് സേവനത്തിൽ നിന്ന് നീക്കം ചെയ്തു. എയർഫോഴ്‌സ് കമാൻഡർ മേജർ ജനറൽ തോമർ ബാർ, നേവി കമാൻഡർ വൈസ് അഡ്മിറൽ ഡേവിഡ് സാർ സലാമ, മേജർ ജനറൽ ഷ്‌ലോമി ബിൻഡർ എന്നിവർക്ക് താക്കീതുകൾ നൽകി.
മറ്റ് നിരവധി ബ്രിഗേഡിയർ ജനറൽമാരെയും കേണൽമാരെയും റിസർവ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയോ നിർബന്ധിത വിരമിക്കലിന് നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്റലിജൻസ്, സേനയുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ, കമാൻഡ് എന്നിവയിലെ വലിയ പരാജയങ്ങളാണ് ആക്രമണം തടയാൻ സാധിക്കാതിരുന്നതിന് പിന്നിലെന്ന് സമീർ വ്യക്തമാക്കി. ഇസ്രയേൽ പൗരന്മാരെ സംരക്ഷിക്കുക എന്ന ഐഡിഎഫിന്റെ പ്രാഥമിക ദൗത്യം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപടികൾ നേരിടുന്ന പല ഉദ്യോഗസ്ഥരും കഴിഞ്ഞ രണ്ട് വർഷമായി ഇസ്രയേലിനെ സുപ്രധാന യുദ്ധകാല നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും സമീർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.