ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുൽ 103 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. 93 പന്തിൽനിന്നാണ് രാഹുൽ അർധസെഞ്ചറി പൂർത്തിയാക്കിയത്.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തുകയാണുണ്ടായത്.
17 റണ്‍സെടുത്ത രോഹിത്തിനെ കരുണരത്‌നെ കുശാല്‍ മെന്‍ഡിസിന്റെ കൈയ്യിലെത്തിച്ചു. ഈ വിക്കറ്റിന് ശേഷം ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ തകരുന്ന കാഴ്ചയ്ക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായത്. രോഹിത്തിന് പിന്നാലെ 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ലാഹിരു കുമാര ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന സൂപ്പര്‍ താരം വിരാട് കോലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലിയെ ലാഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 62 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം രാഹുൽ കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 119 പന്തിൽനിന്ന് ഇരുവരും സ്കോർ ബോർഡിലെത്തിച്ചത് 75 റൺസ്. പാണ്ഡ്യ പുറത്തായെങ്കിലും അക്ഷർ പട്ടേലിനൊപ്പം ആറാം വിക്കറ്റിൽ 30 റൺസ് കൂടി കൂട്ടിച്ചേർത്ത് രാഹുൽ ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിച്ചു. പിരിയാത്ത ഏഴാം വിക്കറ്റിൽ കുൽദീപിനൊപ്പം ശേഷിക്കുന്ന 28 റൺസ് കൂടി നേടി വിജയവും സ്വന്തമാക്കി. ശ്രീലങ്കയ്ക്കായി ലഹിരു കുമാര, ചാമിക കരുണരത്‌നെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
English Summary:ODI series for India against Lanka; KL Rahul is the top scorer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.