
ചുവപ്പ് സേനയുടെ ഭാഗമായി ആര്‍ രമേഷ് മാറിയിട്ട് അരനൂറ്റാണ്ട്. സിപിഐ സംസ്ഥാന സമ്മേളന വേദിയിൽ റെഡ് വോളണ്ടിയർ സേനയ്ക്ക് നേതൃത്വം നൽകുന്ന ആർ രമേഷ് റെഡ് വോളണ്ടിയര്‍ സേനയുടെ ദേശീയ ക്യാപ്റ്റൻ കൂടിയാണ്. കൊല്ലം കുളക്കട സി കെ ചന്ദ്രപ്പൻ സ്മാരകം മാനേജർ കൂടിയായ അടൂർ അരവിന്ദം വീട്ടിൽ ആര്‍ രമേഷ് മുൻ റെയിൽവേ ട്രെയിൻ മാനേജർ കൂടിയാണ്. കഴിഞ്ഞ ഒരു വർഷമായി ദേശീയതലത്തിൽ ജന സേവാദളിനെ (പീപ്പിൾസ് സർവീസ് കോപ്സ്) നയിക്കുന്നു. കേരളത്തിൽ സംസ്ഥാന ക്യാപ്റ്റനെന്ന നിലയ്ക്ക് സേനയെ ശക്തിപ്പെടുത്താനും നാടിന് ഉപകാരപ്പെടുന്ന തരത്തിൽ വ്യാപിപ്പിക്കാനും നടത്തിയ ശ്രമങ്ങളാണ് ഇദ്ദേഹത്തെ ദേശീയ ക്യാപ്റ്റനായി തെരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. സേവാദളിന്റെ ദേശീയ ക്യാപ്റ്റനാകുന്ന മലയാളി എന്നതിൽ അഭിമാനമുണ്ടെന്ന് രമേഷ് പറഞ്ഞു.
അടുത്തിടെ ബിഹാറിലും തമിഴ്‌നാട്ടിലും പരിശീലനം നൽകാൻ പോയിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലേക്ക് കടന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ പരിശീലനം തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. കളരി, കരാട്ടെ, നീന്തൽ, അഗ്നിരക്ഷ എന്നിവയ്ക്ക് പുറമേ പ്രകൃതി ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനടക്കം രാജ്യത്ത് ഒരു ലക്ഷത്തിലധികം വോളണ്ടിയർമാർക്ക് പരിശീലനം നൽകുവാനാണ് ദേശീയ ജന സേവാദളിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടി കാലയളവിൽ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾക്ക് റെയിൽവേയിൽ നിന്നടക്കം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലത രമേഷാണ് ഭാര്യ. മക്കൾ അരവിന്ദ്, അഭിനന്ദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.