11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 3, 2025
February 27, 2025
February 16, 2025
February 16, 2025
February 11, 2025
February 10, 2025
January 23, 2025
January 16, 2025
January 8, 2025
January 4, 2025

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 27, 2024 6:33 pm

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ അപേക്ഷകളിൽ സാങ്കേതികമായി മറുപടി നൽകുകയല്ല മറിച്ച് അപേക്ഷകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകുകയാണു വേണ്ടത്.

വിവരാവകാശ ഓഫിസർമാർതന്നെ അപേക്ഷകൾ കുറ്റമറ്റ നിലയിൽ കൈകാര്യംചെയ്താൽ അപ്പീലുകളും കേസുകളുമുണ്ടാകില്ല. അങ്ങനെ വരുമ്പോൾ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഉൾപ്പെടെ ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനാകും. അഞ്ചും ആറും വർഷം പഴക്കമുള്ള ആയിരക്കണക്കിനു ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അതുകൊണ്ട് അപേക്ഷകർക്ക് എന്തെങ്കിലും ഫലമുണ്ടാകുമോ? അപേക്ഷകൾ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും തീർപ്പാക്കുന്നതിൽ ഓഫിസർമാർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ ജനപക്ഷത്തുനിന്നാണു പ്രവർത്തിക്കേണ്ടതെന്ന ബോധ്യം വിവരാവകാശ ഓഫിസർമാർ ഉൾക്കൊള്ളണം. വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നവരാണു വിവരാവകാശ ഓഫിസർമാർ. അവരുടെ ദൈനംദിന ജോലികൾക്കു പുറമേയാണു വിവരാവകാശ മറുപടികൾ നൽകുന്നത്. അതുകൊണ്ടുതന്നെ അപേക്ഷകൾ നൽകുന്നവർ ഒന്നുകിൽ അവർക്കോ അല്ലെങ്കിൽ സമൂഹത്തിനു പൊതുവെയോ പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്നതായിരിക്കും അഭികാമ്യം. അതു വിവരാവകാശ ഓഫിസർമാരുടേയും കമ്മിഷന്റെയും ജോലിഭാരത്തിൽ അയവുണ്ടാക്കും.

അഴിമതി ഇല്ലാതാക്കുകയെന്നതു വിവരാവകാശ നിയമത്തിന്റെ ലക്ഷ്യവാചകങ്ങളിലൊന്നാണ്. രാജ്യത്തു വലിയ കോളിളക്കമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതി, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്നതു വിവരാവകാശ നിയമത്തിന്റെ പ്രയോഗത്തിലൂടെയാണ്. അഴിമതി രഹിത ജനാധിപത്യ ഭരണ സംവിധാനം യാഥാർത്ഥ്യമാക്കുന്നതിൽ ഈ നിയമത്തിനു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള പൗരന് സാമൂഹ മാറ്റത്തിനുള്ള പ്രവർത്തനത്തിനായുള്ള ശക്തമായ ഉപകരണമായി വിവരാവകാശ നിയമത്തെ മാറ്റാൻ കഴിയുമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ. കെ എം ദിലീപ്, എ അബ്ദുൾ ഹക്കിം, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, വിവരാവകാശ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Offi­cials should give cor­rect answers to ques­tions under the Right to Infor­ma­tion Act says CM
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.