
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി മിച്ചല്‍ ഓവന്‍ തിളങ്ങി. 27 പന്തില്‍ ആറ് സിക്സറുള്‍പ്പെടെ 50 റണ്‍സ് താരം നേടി. ഇതോടെ ഒരു റെക്കോഡും 23കാരന്‍ സ്വന്തമാക്കി. ഡേവിഡ് വാർണറിനും റിക്കി പോണ്ടിങ്ങിനും ശേഷം അരങ്ങേറ്റത്തിൽ തന്നെ ടി20യിൽ അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ താരമായി മാറി. 2005ൽ ന്യൂസിലാന്‍ഡിനെതിരെ റിക്കി പോണ്ടിങ് 98 റൺസ് നേടി. 2009ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡേവിഡ് വാര്‍ണർ 89 റൺസും സ്വന്തമാക്കി. 26 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സറുമുള്‍പ്പെടെ 51 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 190 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് സ്കോര്‍ 12ല്‍ നില്‍ക്കെ ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെയാണ് ആദ്യം നഷ്ടമായത്. ജോഷ് ഇംഗ്ലിസുമായി 34 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ഓപ്പണറും ക്യാപ്റ്റനുമായ മിച്ചല്‍ മാര്‍ഷ് പുറത്തായി. 17 പന്തില്‍ 24 റണ്‍സെടുത്ത താരത്തെ അല്‍സാരി ജോസഫ് ഷായ് ഹോപ്പിന്റെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 11 പന്തില്‍ 10 റണ്‍സെടുത്ത് മാക്സ്‌വെല്‍ മടങ്ങി. ഇതോടെ ഓസീസ് തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും ഗ്രീനും മിച്ചല്‍ ഓവനും ചേര്‍ന്ന് ഓസീസ് സ്കോര്‍ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗ്രീനിനെ പുറത്താക്കി ഗുഡകേഷ് മോട്ടിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ഓവനും പുറത്തായി. സ്കോര്‍ 181ല്‍ നില്‍ക്കെ കൂപ്പര്‍ കൊണോലിയും (13) പുറത്തായെങ്കിലും സീന്‍ അബോട്ടും ബെൻ ദ്വാർഷുയിസും ചെറിയ ലക്ഷ്യം മറികടന്ന് ഓസീസിന് വിജയം സമ്മാനിച്ചു. ഇരുവരും അഞ്ച് റണ്‍സ് വീതം നേടി. വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസ് ടോപ് സ്കോറര്‍. 39 പന്തില്‍ 55 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഷായ് ഹോപും തിളങ്ങി. ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍ 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 38 റണ്‍സെടുത്തു. അതേസമയം ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ആന്ദ്രെ റസലിന് തിളങ്ങാനായില്ല. താരം ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി ബെൻ ദ്വാർഷുയിസ് നാല് വിക്കറ്റ് സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.