
ഇന്ത്യയിലെ ഭരണാധികാരികളുടെ പരിഗണന ആരോടെന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരമാണ് പുതുവത്സര ദിനത്തിലുണ്ടായ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലവർധനവ്. എണ്ണക്കമ്പനികളാണ് വില വർധന നിർണയിച്ചതെന്ന് പറഞ്ഞ് സാങ്കേതികമായി കേന്ദ്രസർക്കാർ കയ്യൊഴിയാറാണ് പതിവ്. വില നിർണയാവകാശം എണ്ണക്കമ്പനികൾക്ക് നൽകിയ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാൽ വിലവർധനവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നരേന്ദ്ര മോഡി സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എണ്ണക്കമ്പനികൾ വില നിർണയിക്കുന്ന രീതി അനുവദിച്ച മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് അതിനെ എതിർത്തവരെന്ന നിലയിൽ 11 വർഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ തീരുമാനം തിരുത്തുന്നതിന് ഇതുവരെ സന്നദ്ധമായിട്ടില്ലെന്നതിൽ നിന്ന് ബിജെപി നിലപാടിന്റെ പൊള്ളത്തരം വ്യക്തമാകുന്നു. ആഗോള വിപണിയിൽ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വില കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് പ്രതിമാസ വിലനിർണയം (എല്ലാ മാസവും ഒന്നാം തീയതി) അനുവദിക്കുന്നതെന്നായിരുന്നു മൻമോഹൻ സിങ്ങിന്റെ വിശദീകരണം. അതുപ്രകാരം ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ഗുണം അനുഭവവേദ്യമാക്കണമെന്ന് കമ്പനികളോട് നിർദേശിക്കുന്നതിന് പോലും ബിജെപി സർക്കാർ തയാറാകുന്നില്ലെന്നതിലൂടെ അവരുടെ എണ്ണക്കമ്പനി പ്രേമമാണ് പ്രകടമാകുന്നത്.
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിന് 111 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ചില സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടുത്ത മാസങ്ങളിൽ വില കൂട്ടിയാൽ ബിജെപിയെ ദോഷകരമായി ബാധിക്കുമെന്നത് മുൻകൂട്ടി കണ്ടാണ് ഇപ്പോൾ ഭീമമായ വർധന വരുത്തിയതെന്ന സംശയവും അസ്ഥാനത്തല്ല. ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയില്ലെന്നും അതുകൊണ്ട് സാധാരണക്കാരെ ബാധിക്കില്ലെന്നുമുള്ള ന്യായം പറഞ്ഞ് വർധനയെ ലഘൂകരിക്കുന്നതിന് അധികൃതരും കമ്പനികളും ശ്രമിക്കുന്നുണ്ട്. അത് വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. കാരണം നമ്മുടെ സംസ്ഥാനത്തുൾപ്പെടെ വിലക്കയറ്റത്തിന് പോലും കാരണമായേക്കാവുന്നതാണ് ഈ വർധന. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളെയും വില വർധന ബാധിക്കും. പൊതുവെ വില കുറച്ച് വില്പന നടക്കുന്ന തട്ടുകടകൾ നടത്തുന്നവരുടെ ഉപജീവനമാർഗത്തെ പോലും ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങൾക്ക് വില വർധന ഉപഭോക്താക്കളുടെ മേൽ അടിച്ചേല്പിക്കേണ്ടിവരികയും ചെയ്യും. അല്ലെങ്കിൽ വലിയ നഷ്ടം സഹിച്ച് സ്ഥാപനങ്ങൾ നടത്തേണ്ട സാഹചര്യമുണ്ടാകും. പൊതുവിലുള്ള വിലക്കയറ്റത്തിനാണ് എണ്ണക്കമ്പനികളുടെ തീരുമാനം വഴിവയ്ക്കുക. എന്ത് ന്യായീകരണംകൊണ്ടും ഈ സാഹചര്യം ഇല്ലാതാക്കുന്നതിന് സാധ്യമല്ല തന്നെ. പണപ്പെരുപ്പവും രൂപയുടെ മൂല്യശോഷണവും കാരണം നമ്മുടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. തൊഴിലില്ലായ്മയും ഉള്ള തൊഴിലിന്റെ നഷ്ടവുമൊക്കെ സാധാരണക്കാരെ അലട്ടുകയും ചെയ്യുന്നു. ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി ഇല്ലാതാക്കുകയും കാർഷിക മേഖല പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്കുമേൽ കനത്ത ആഘാതമാണുണ്ടാക്കുക.
ആഗോള വിപണിയിലുണ്ടാകുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് പ്രതിമാസ വില നിർണയത്തിന് അനുവദിച്ചതെന്ന ന്യായീകരണം വസ്തുതാപരമല്ലെന്ന് പുതുവത്സരദിനത്തിൽ കമ്പനികൾ നടത്തിയ വർധനയിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് ഉയർന്ന വിലയുണ്ടായിരുന്നപ്പോൾ നിശ്ചയിച്ചിരുന്ന ആഭ്യന്തര വില, അവിടെ ഗണ്യമായ കുറവുണ്ടായപ്പോൾ പുതുക്കി നിശ്ചയിക്കുന്നതിന് കമ്പനികൾ സന്നദ്ധമായില്ല. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഒന്നാം തീയതി ആഗോളവിപണിയിലെ ഗണ്യമായ കുറവ് ആഭ്യന്തര ഉപഭോക്താക്കൾക്ക് നൽകാനും തയ്യാറായിരുന്നില്ല. യഥാക്രമം അഞ്ച്, പത്ത് രൂപ വീതമാണ് കുറവ് വരുത്തിയത്. എന്നാൽ ഒറ്റയടിക്ക് 111 രൂപ കൂട്ടുകയാണ് ജനുവരി ഒന്നിന് ചെയ്തിരിക്കുന്നത്. ആഗോള വിപണിയിൽ ഒരു ബാരൽ അസംസ്കൃത ഇന്ധനത്തിന് 100 ഡോളറിലധികം വിലയുള്ള കാലമുണ്ടായിരുന്നു. അക്കാലത്തെ അപേക്ഷിച്ച് 30% എങ്കിലും കുറവ് ഡിസംബർ മാസത്തിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പോലും ഇറക്കുമതി ചെയ്യുന്ന ഇന്ധനവിലയിൽ 10%ത്തിലധികം വിലക്കുറവ് ആഗോളതലത്തിലുണ്ടായി. മുൻ വർഷം 80 ഡോളറായിരുന്നു ബാരൽ നിരക്കെങ്കിൽ കഴിഞ്ഞ ഡിസംബറിൽ 70 ഡോളറിൽ താഴെയാണ് നിൽക്കുന്നത്. എന്നിട്ടും കഴിഞ്ഞ രണ്ടുമാസവും നാമമാത്രമായി വില കുറച്ച കമ്പനികൾ 111 രൂപ വാണിജ്യ സിലിണ്ടറിന് കൂട്ടിയത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇക്കാര്യത്തിൽ കമ്പനികളെ നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.