
അന്താരാഷ്ട്ര എണ്ണവില കുറഞ്ഞ നിലയിൽ തുടരുമ്പോഴും നേട്ടം ലഭിക്കാതെ രാജ്യത്തെ ഉപഭോക്താക്കൾ. പെട്രോളിയം പ്ലാനിങ് ആന്റ്് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് ക്രൂഡ് ഓയിലിന് ഇന്നലെ ഇന്ത്യൻ ബാസ്കറ്റിലെ ശരാശരിവില 68.34 ഡോളറാണ്. അസംസ്കൃത എണ്ണയുടെ ശരാശരിവില കുറയുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുന്നതിന് പ്രതീക്ഷകൾ നൽകുന്നതാണെങ്കിലും ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് ഇതുവരെ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. എണ്ണ കമ്പനികളുടെ നഷ്ടം നികത്താനാണ് എണ്ണ വില കുറയ്ക്കാത്തതെന്ന മുടന്തൻ ന്യായം കേന്ദ്രം നിരത്തുമ്പോഴും ഇപ്പോഴത്തെ ഡോളർവില പരിഗണിച്ചാൽ പോലും എണ്ണ വിതരണക്കമ്പനികൾക്ക് ലാഭമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2022 ജൂണിൽ 116 ഡോളർ വരെയെത്തിയ വിലയാണ് ഇപ്പോൾ 70 ഡോളറിൽ താഴെ തുടരുന്നത്.
അന്താരാഷ്ട്ര ബെഞ്ച് മാർക്കിനനുസരിച്ച് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയിൽ മാറ്റം വരുത്താത്തത് ഉപഭോക്താക്കളെയും വലയ്ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ മാർച്ചിലാണ് പെട്രോൾ–ഡീസൽ വില രണ്ട് രൂപ വീതം കേന്ദ്രം കുറച്ചത്. പെട്രോളിയം കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ അടിസ്ഥാന വിലയിൽ അടുത്തിടെ രണ്ടു രൂപയുടെ കുറവുവരുത്തിയെങ്കിലും കേന്ദ്രസർക്കാർ എക്സൈസ് തീരുവ രണ്ടു രൂപവീതം കൂട്ടുകയായിരുന്നു. ഇതോടെ വിലയിലുണ്ടാകേണ്ടിയിരുന്ന കുറവ് ഉപഭോക്താക്കൾക്ക് ലഭിച്ചതുമില്ല. ഇന്ധനത്തിന് അധിക എക്സൈസ് തീരുവയായി രണ്ട് രൂപ കേന്ദ്ര സർക്കാർ വർധിപ്പിച്ചെങ്കിലും കേരളത്തിന് ഇതിന്റെ പ്രയോജനം ലഭിക്കില്ല. നിലവിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയിൽ പെട്രോളിന് ലിറ്ററിന് 103.50 രൂപയും ഡീസലിന് 90. 03 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിന് 101.03 രൂപയും ഡീസലിന് 92.61 രൂപയുമാണ്. ബംഗളൂരുവിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 90. 99 രൂപയുമാണ് വില. ന്യൂഡൽഹി പെട്രോൾ (94.77), ഡീസൽ (87.67). തിരുവനന്തപുരം പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയും കൊച്ചിയിൽ പെട്രോളിന് 105.77 രൂപയും ഡീസലിന് 94.75 രൂപയുമാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.