
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൃദ്ധസദനങ്ങളിലെത്തിയത് പതിനായിരം അന്തേവാസികള്‍. 2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത് 30,000ത്തിലധികമായി വർധിച്ചു.
സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങളിലും സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങളിലും അന്തേവാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. പണം കൊടുത്ത് ഉപയോഗിക്കുന്ന വൃദ്ധസദനങ്ങളിലും അംഗങ്ങൾ പെരുകുകയാണ്. കോവിഡ് കാലമായ 2020ൽ മാത്രം പുതിയ വൃദ്ധമന്ദിരങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിച്ചതിനും കോവിഡിനും പിന്നാലെയാണ് വൃദ്ധസദനങ്ങൾ വർധിച്ചത്. ഏറ്റവും കൂടുതൽ വൃദ്ധ സദനങ്ങൾ ഉള്ളത് എറണാകുളം ജില്ലയിലും ഏറ്റവും കുറവ് മലപ്പുറത്തുമാണ്.
സർക്കാർ വൃദ്ധസദനങ്ങളിൽ ഒരു വർഷം എത്തുന്നത് 30 പേരാണ്. മക്കളുള്ള ആർക്കും പ്രവേശനം നല്കരുതെന്ന നിബന്ധന സർക്കാര്‍ വൃദ്ധമന്ദിരങ്ങളിലുമുണ്ടെങ്കിലും കള്ളം പറഞ്ഞ് ഉപേക്ഷിച്ചുപോകുന്നവർ നിരവധിയാണ്. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കളുമുണ്ട്. കേസ് കൊടുത്താൽ സ്വത്ത് തിരിച്ചുകിട്ടുമെന്നും മാസച്ചെലവിന് 10,000 രൂപ തരാൻ നിയമമുണ്ടെന്നും അറിയാമെങ്കിലും മക്കളെ കേസിൽപ്പെടുത്താൻ തയ്യാറാവാത്തവരാണ് അന്തേവാസികളിൽ ഭൂരിഭാഗവും. ഒരു വശത്ത് മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരാണെങ്കിൽ, മറുവശത്ത് വിദേശ ജോലിയായതിനാൽ ഗതികേടുകൊണ്ട് മക്കൾ കൊണ്ടാക്കിയവരുമുണ്ട്. രോഗം, സാമ്പത്തികബാധ്യത, കുടുംബകലഹം എന്നീ കാരണങ്ങളാൽ വയോജന കേന്ദ്രങ്ങൾ അന്വേഷിച്ചെത്തുന്നവരുമുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സർക്കാരിന്റെ വൃദ്ധസദനങ്ങളിലുള്ള ഓരോ അന്തേവാസിക്കും പ്രതിമാസം 2,000 രൂപ നിരക്കിലും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത വിവിധ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് 1100 രൂപ വീതവും സർക്കാർ നല്കന്നുണ്ട്. വൃദ്ധമന്ദിരങ്ങളിൽ കഴിയുന്നവർ ഭൂരിഭാഗവും പുരുഷൻമാരാണ്. അനാഥത്വം പേറി എത്തുന്നവരിൽ ഒരുപാട് പേരെ വൃദ്ധസദനങ്ങളിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. സൗകര്യക്കുറവ് തന്നെയാണ് കാരണം. ഇവരിൽ പലരും തെരുവോരങ്ങളിൽ അഭയം തേടുകയാണ് പതിവ്.
english summary; Old age homes are multiplying in the state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.