18.99 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ഒള്ളൂർക്കടവ് പാലം നാടിന് സമർപ്പിച്ചു. ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഒള്ളൂർക്കടവ് പാലം. ഈ വർഷം ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്ന് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പശ്ചാത്തല വികസനത്തിന്റെ എല്ലാ സാധ്യതകളും നടപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 1200 കി. മി മലയോര ഹൈവേ യുടെ വിവിധ റീച്ചുകൾ പൂർത്തിയാവുന്നു. തീരദേശ ഹൈവേയുടെ പ്രവർത്തിയും പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറു വരി പാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലിന് 5550 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കലിനായി ഇത്രയും തുക ചെലവഴിച്ച ഏക സംസ്ഥാനം കേരളമാണെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഏകോപനവും ദേശീയ പാതയുടെ പ്രവർത്തനത്തെ യാഥാർഥ്യമാക്കിയതായും മന്ത്രി കൂട്ടിചേർത്തു.
കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ മുഖ്യാതിഥിയായി. മുൻ എംഎൽഎമാരായ പി വിശ്വൻ മാസ്റ്റർ, കെ ദാസൻ, പുരുഷൻ കടലുണ്ടി എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ബലരാമൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലംകോട് സുരേഷ് ബാബു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ ശിവൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ അബ്ദുൾ ഷുക്കൂർ, കൊയിലാണ്ടി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി കെ സുമേഷ് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ പികെ മിനി സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷിനി നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വാദ്യഘോഷ അകമ്പടിയോടുകൂടിയ വർണ്ണാഭമായ ഘോഷയാത്രയും നടന്നു. ഒള്ളൂർ ടൗണിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു.
2009 ൽ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയ്യാറാക്കിയത്. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്പാനുകളിലായി 250. 06 മീറ്റർ നീളത്തിലാണ് നിർമിച്ചത്. ഇരുവശത്തും ഫുട്പാത്തും ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്മിങ്സ്പാനും 11 മീറ്ററിൽ മറ്റു സ്പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്. ഉള്ളിയേരി, ബാലുശ്ശേരി നിവാസികൾക്ക് കൊയിലാണ്ടി നഗരത്തിലെ തിരക്കിൽപ്പെടാതെ ഒള്ളൂർ കടവ് പാലത്തിലൂടെ ഇനി എളുപ്പത്തിൽ കാപ്പാട് ബീച്ചിലും എത്താം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.