23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 10, 2022
August 6, 2022
July 19, 2022
July 13, 2022
July 11, 2022

ഒമിക്രോൺ: ബൂസ്റ്ററിന്റെ ഫലപ്രാപ്തി പഠനം നടത്തുമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
December 24, 2021 7:45 pm

ഒമിക്രോൺ വേരിയന്റിനെതിരെയുള്ള കോവിഡ് വാക്സിൻ ബൂസ്റ്ററിന്റെ ഫലപ്രാപ്തി വിലയിരുത്താൻ പഠനം നടത്തുമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. ഫരീദാബാദിലെ ട്രാൻസ്‍ലേഷണൽ ഹെൽത്ത് സയൻസ് ആന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും പഠനം നടത്തുക. പൂർണമായി വാക്സിനെടുത്ത 3,000 വ്യക്തികളിലായിരിക്കും പഠനം. ഒമിക്രോണിനെ കുറിച്ചുള്ള ശാസ്ത്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയിൽ ബൂസ്റ്ററുകൾ പുറത്തിറക്കുകയെന്ന് കോവിഡ് ടാസ്ക് ഫോഴ്സിന്റെ ചീഫ് ഡോ. വി കെ പോൾ പറഞ്ഞു.

അതേസമയം യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഏഷ്യയിൽ ആഴ്ചതോറും കേസുകൾ കുറയുകയാണ്. എന്നാല്‍ കൊറോണ വൈറസിന്റെ നാലാം തരംഗത്തെക്കുറിച്ച് ലോകം ഉറ്റുനോക്കുന്ന സമയത്ത് ഇന്ത്യയ്ക്ക് കരുതല്‍കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെയും മിസോറാമിലെയും പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നത്ത് ആശങ്കാജനകമാണെന്നും ഭൂഷൺ പറഞ്ഞു.
ഒമിക്രോൺ ഡെൽറ്റയേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതും വാക്സിൻ ഫലപ്രാപ്തി കുറയ്ക്കുന്നതുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം മൂന്നാം റൗണ്ട് കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. ഇസ്രയേൽ, വാക്സിനേഷന്റെ നാലാം ഡോസിനെ കുറിച്ചുള്ള ചർച്ചയിലാണ്.

എന്നാൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ബൂസ്റ്റർ ഷോട്ട് പുറത്തിറക്കിയിട്ടില്ല. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പഠിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രാഥമിക വാക്സിനേഷൻ പരമാവധി പേർക്ക് ഉറപ്പാക്കിവരികയാണെന്നും സർക്കാർ പറഞ്ഞു. രാജ്യത്ത് 140. 3 കോടി വാക്സിൻ ഡോസുകൾ നൽകി. അതിൽ 57 കോടി രണ്ടാം ഡോസാണ്. ജനസംഖ്യയുടെ 40. 9 ശതമാനം പേർ മാത്രമാണ് പൂർണ വാക്സിനേഷൻ സ്വീകരിച്ചത്. 60. 9 ശതമാനം പേർക്ക് ഒരു ഡോസ് മാത്രമാണ് ലഭിച്ചത്.

മൂന്നാമത്തെ ഡോസ് ഒമിക്രോണിനെതിരെയുള്ള ന്യൂട്രലൈസിംഗ് ആന്റിബോഡിയുടെ അളവ് ഗണ്യമായി വർധിപ്പിക്കുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രാഥമിക പഠനങ്ങൾ പറയുന്നു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതു മുതൽ യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 40 എണ്ണത്തിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ‘മറ്റൊരു കൊടുങ്കാറ്റ് വരുന്നത് നമുക്ക് കാണാൻ കഴിയും’ എന്ന് ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഹെഡ് ഹാൻസ് ക്ലൂഗ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകൾക്കുള്ളിൽ, മേഖലയിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

eng­lish sum­ma­ry; Omi­cron: Cen­ter to con­duct boost­er effi­ca­cy study

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.