ഒമിക്രോണിന് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി മൂന്നിരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്ത പഠനം വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം പറയുന്നു. നേരത്തെ, ഒമിക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ അന്നെ വോൻ ഗോട്ടർബർഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം രാജ്യത്ത് കുട്ടികള്‍ക്കിടയിലെ കോവിഡ് വര്‍ധിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാരും പറഞ്ഞിരുന്നു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെയും 10 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെയും ആശുപത്രി പ്രവേശന നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതിയില്ല. ഇതിനകം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും വാക്സിന്‍ എടുത്തിട്ടില്ല. കുട്ടികള്‍ക്കിടയില്‍ വ്യാപനം വര്‍ധിക്കാനുള്ള കാരണമായി വിദഗ്‍ധര്‍ പറയുന്നതും ഇതാണ്.
അതേസമയം, ഒമിക്രോണ്‍ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം ആരംഭിച്ചതായി ആരോഗ്യമന്ത്രി ജോ ഫാഹ്‍ല അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവശ്യകളില്‍ ഏഴെണ്ണത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് വര്‍ധിപ്പിക്കാതെ ഒമിക്രോണിനെ പിടിച്ചു നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിനെടുക്കാന്‍ പൗരന്‍മാരോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്ലാതെ തന്നെ ഒമിക്രോണിന്റെ വ്യാപനം തടയാനാകുമെന്നും പറഞ്ഞു.
English Summary: Omicron is three times more potent than Delta: covid increases in children in South Africa
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.