രാജ്യത്താകമാനം കോവിഡ് വ്യാപനവും ഒമിക്രോൺ ബാധയും കുതിച്ചുയരുമ്പോൾ പ്രതിരോധ ചുമതല ജനങ്ങളുടെ തലയിൽ കെട്ടിവച്ച് കേന്ദ്രസർക്കാർ ഒളിച്ചോടുന്നു. ഒമിക്രോൺ വകഭേദം മൂലമുള്ള മൂന്നാം തരംഗമാണ് ഇപ്പോൾ വ്യാപിക്കുന്നത്. വരും ആഴ്ചകളിൽ നഗരപ്രദേശങ്ങളോടൊപ്പം ഗ്രാമപ്രദേശങ്ങളിലും വൈറസ് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ‘ഹോം ഐസൊലേഷൻ, രോഗലക്ഷണങ്ങളില്ലെങ്കിൽ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യൽ, അസുഖങ്ങളില്ലെങ്കിൽ സമ്പർക്ക പരിശോധന ഉപേക്ഷിക്കുക, രേഖകൾ സൂക്ഷിക്കാതെ ഹോം ടെസ്റ്റ് അനുവദിക്കുക എന്നിവയുൾപ്പെടുന്ന പുതിയ മാർഗനിർദേശങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമിക്രോൺ വ്യാപനം മന്ദഗതിയിലാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. മാസ്ക് ഉപയോഗിച്ച് സ്വയം സംരക്ഷിക്കുക, കുടുംബത്തെ സംരക്ഷിക്കുക. വാക്സിനെടുക്കാത്തവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി സംരക്ഷിക്കുക എന്നത് വ്യക്തിയുടെ ഉത്തരവാദിത്തമാണ്’ നിതി ആയോഗ് അംഗം വി കെ പോൾ ഇങ്ങനെ പറഞ്ഞത് ജനുവരി 12 നാണ്. രാജ്യത്ത് 2.47 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു അത്. അടുത്ത ദിവസം രോഗബാധിതര്‍ 2.64 ലക്ഷമായി. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം മരണസംഖ്യ 4,85,050 കവിഞ്ഞിരിക്കുന്നു. സർക്കാരിന്റെ പുതിയ മാർഗനിർദേശവും നിതി ആയോഗ് അംഗത്തിന്റെ മുന്നറിയിപ്പും ചേർത്തു വായിച്ചാൽ സർക്കാർ മഹാമാരിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് വ്യക്തമാകും.
2020 ലെ വിനാശകരമായ ലോക്ഡൗണുണ്ടാക്കിയ സാമ്പത്തിക തകർച്ചയാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. 2020 മാർച്ച് 24 ന് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അവകാശപ്പെട്ടതുപോലെ കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടു. അതിന്റെ മറവിൽ സർക്കാർ എല്ലാം മറ്റുള്ളവരുടെ ഉത്തരവാദിത്തത്തിന് വിടുകയാണ്.
2022 ജനുവരി 13ലെ കോവിഡ് സാഹചര്യം അതിഭീതിതമാണ്. 2021 ഡിസംബർ 27 ന് സ്ഥിരീകരിച്ച പുതിയ കേസുകൾ 6,358 ആയിരുന്നു. രണ്ടാമത്തെ തരംഗത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായിരുന്നു ഇത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സംക്രമിച്ചതിനാൽ കേസുകൾ അസാധാരണമായി ഉയർന്നു. ജനുവരി 13 ന് പുതിയ കേസുകൾ 2.64 ലക്ഷത്തിലെത്തി. 2021 ഏപ്രിൽ‑മെയ് മാസങ്ങളിലെ രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കിനൊപ്പമാണിത്. 150 കോടിയിലധികം വാക്സിൻ ഡോസുകൾ നല്കിയെന്ന പ്രചാരണം നടക്കുമ്പോഴാണിത്. ഒരു വർഷം മുമ്പ് വാക്സിനേഷൻ ആരംഭിച്ചത് മുതൽ 95 ശതമാനം മുതിർന്നവർക്കും ഒരു ഡോസ് നല്കിയെങ്കിലും 68 ശതമാനം പേർക്ക് മാത്രമേ ഇരട്ട ഡോസ് കിട്ടിയിട്ടുള്ളു.
ഒമിക്രോൺ വകഭേദം നല്കുന്ന സൂചനയനുസരിച്ച് 18 വയസിന് താഴെയുള്ളവർക്കും വാക്സിനേഷൻ ആവശ്യമാണ്. ജനുവരി മൂന്ന് മുതൽ 15–18 വയസിനിടയിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ പ്രഖ്യാപിച്ചു. എന്നാല്‍ പതിവുപോലെ അതും മന്ദഗതിയിലാണ്. മൂന്ന് കോടി ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കും വാഗ്ദാനം ചെയ്ത ബൂസ്റ്റർ ഷോട്ടുകളും വളരെ പിന്നിലാണ്.
English Summary: Omicron spreads: Central government absconds
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.