
ഇക്കുറി ഓണത്തിന് സദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും കുടുംബശ്രീയൊരുക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ‘ഓണക്കനി’ കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർകോണം വാർഡിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “ഓണം കുടുംബശ്രീക്കൊപ്പം’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സദ്യയൊരുക്കാൻ ആവശ്യമായ എല്ലാ പച്ചക്കറികളും അച്ചാർ, ചിപ്സ്, പായസം മിക്സ്, കറിപൗഡർ എന്നിവ ഉൾപ്പെടെ ഓണക്കിറ്റ് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇക്കുറി 25680 ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 6800 ഏക്കറിലായിരുന്നു കൃഷി. നാലിരട്ടി വർധനവാണ് കൃഷിയുടെ വിസ്തൃതിയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറിയും കർഷകർക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ അത്യുല്പാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി നൽകും.
ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുക. ഇതു ലഭ്യമാക്കുന്നതിനായി ഓരോ സിഡിഎസിനും പരമാവധി 25,000 രൂപ വരെ റിവോൾവിങ്ങ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും കർഷകർക്ക് നഴ്സറി തയ്യാറാക്കൽ, തൈ ഉല്പാദനം, വിള പരിപാലനം, കീടനിയന്ത്രണം, വിളവെടുപ്പ് എന്നിവയിൽ സാങ്കേതിക പരിശീലനവും നൽകും. കാർഷിക മേഖലയിൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി 184 പുതിയ സാങ്കേതികവിദ്യകൾ വാങ്ങുന്നതിനായി കുടുംബശ്രീ ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു.
കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മൂല്യവർധിത ഉല്പന്ന നിർമ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളാണ് കുടുംബശ്രീ വാങ്ങുന്നത്. അടുത്ത മാർച്ചിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി ആയിരം കാർഷിക സംരംഭങ്ങൾ ആരംഭിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാന വർധനവിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇതിനായി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കോട്ടുകാൽ സിഡിഎസ് അധ്യക്ഷ വിമല കെ മന്ത്രിക്ക് കുടുംബശ്രീ ഉൽപന്നങ്ങൾ സമ്മാനിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫിസർ ഡോ.എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.