
തിയേറ്ററുകളിൽ പ്രേക്ഷകരില്ല. ബോക്സോഫീസ് വമ്പൻ പരാജയം. കണ്ണീരോടെ നിർമ്മാതാക്കൾ. കൂട്ടക്കുഴപ്പത്തിൽ സിനിമാരംഗം. എട്ട് പതിറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള ജനപ്രീയ മലയാള സിനിമയ്ക്ക് ഇത്തരമൊരു ദുർഗതി ഒരുപക്ഷെ ആദ്യമാകാം. കഥയിലോ ഛായാഗ്രഹണത്തിലോ സംഗീതത്തിലോ കാര്യമായ മികവ് പ്രകടിപ്പിക്കാതെ കടന്നുപോയ നാളുകൾ. എന്നാൽ ആ ശനിദശ പിന്നിട്ട മലയാള ചലച്ചിത്ര ലോകം ഹിറ്റുകളുടെ പിറവിക്ക് കാതോർക്കുന്നു.
മലയാളത്തിൽ ഒരുപിടി നല്ല സിനിമകളാണ് ഓണാഘോഷം കൊഴുപ്പിക്കാൻ തിയേറ്ററുകളിൽ നിറയുക. കുടുംബ പ്രേക്ഷകർ കൂടുതലായി തിയേറ്ററിലേക്ക് എത്തുന്ന സമയം കൂടിയാണ് ഓണക്കാലം. സൂപ്പർ താരങ്ങളുടെ ഉൾപ്പെടെ വമ്പൻ ചിത്രങ്ങളാണ് ഓണം റിലീസിനായി ഒരുങ്ങുന്നത്. ഏറെകാലത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ ഓണത്തിന് റിലീസ് ചെയ്യും. 2015ൽ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവ്വം’. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ മാളവിക മോഹനനാണ് നായിക. പട്ടം പോലെ, ദി ഗ്രേറ്റ് ഫാദർ, നിർണായകം, ക്രിസ്റ്റി തുടങ്ങിയവയാണ് മാളവിക മുമ്പ് മലയാളത്തിൽ അഭിനയിച്ച സിനിമകൾ. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ഹൃദയപൂർവ്വം’.
പിന്നിട്ട മാസങ്ങളിൽ മമ്മൂട്ടി ചിത്രങ്ങൾ ഉൾപ്പെടെ കൈയടി നേടാതെ പുറത്താവുകയായിരുന്നു.
നേട്ടമുണ്ടാക്കിയത് മോഹൻലാൽ ചിത്രങ്ങളായ എമ്പുരാനും തുടരും ഉൾപ്പെടെയുള്ള അപൂർവ്വം ചിത്രങ്ങളും. നെസ്ലിൻ നായകനായ ആലപ്പുഴ ജിംഖാന, ആസിഫലിയുടെ രേഖാചിത്രം, കുഞ്ചാക്കോ ബോബൻ ചിത്രം ഓഫിസർ ഓൺ ഡ്യുട്ടി, ടോവിനോ തോമസിന്റെ നരിവേട്ട, ദിലീപിന്റെ പ്രിൻസ് ആന്റ് ഫാമിലി, ബേസിൽ ജോസഫിന്റെ മരണമാസ് തുടങ്ങിയ ചിത്രങ്ങൾ മാത്രമാണ് നിർമ്മാതാക്കളെ പിടിച്ചുനിർത്തിയത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ ആസിഫലിയുടെ കരിയറിൽ 50 കോടി ക്ലബ്ബിൽ കയറിയ രണ്ടാമത്തെ ചിത്രമായി മാറി. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുണ്ടാക്കിയ നഷ്ടം 51 കോടിയിലധികം രൂപയാണെന്നായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ. റിലീസ് ചെയ്ത 17 ചിത്രങ്ങളിൽ 11ഉം തിയേറ്ററുകളിൽ നഷ്ടമുണ്ടാക്കി. മാർച്ചിൽ റിലീസായ 15 സിനിമകളിൽ 14ലും പരാജയപ്പെട്ടു. ജനുവരിയിൽ പുറത്തിറങ്ങിയ 28 സിനിമകൾ ഉണ്ടാക്കിയ നഷ്ടമാകട്ടെ 110 കോടിയും. 1,60,86,700 രൂപ ചെലവിൽ നിർമ്മിച്ച ലവ് ഡേൽ എന്ന ചിത്രം തിയേറ്ററുകളിൽ നേടിയത് തുച്ചമായ തുകയായിരുന്നു. അഞ്ചുകോടി മുടക്കിയ ‘പൈങ്കിളി’ നേടിയതാവട്ടെ രണ്ടരക്കോടിയും. 5,48,33, 552 രൂപ ചെലവായ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ക്ക് കളക്ഷനായി ലഭിച്ചത് 33,58,147 രൂപയായിരുന്നു.
ഓണചിത്രങ്ങളിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ലോക‑ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രവും വിരുന്നിനെത്തും. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക. ഒരു സൂപ്പർ ഹീറോ കഥാപാത്രംമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുൽഖർ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രമായ ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രവും ഓണത്തിന് പ്രദർശനത്തിനെത്തും.
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് അൽത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്ന് അണിയറക്കാർ പറയുന്നു. വാശിയേറിയ കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയ്ൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യും ഓണം റിലീസിനൊരുങ്ങി. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായക കഥാപാത്രമായാണ് ഷെയ്ൻ പ്രത്യക്ഷപ്പെടുന്നത്.
എസ്‌ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ ആണ് ഓണത്തിന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അഷ്കർ അലി, മിദൂട്ടി, അർജ്യോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘മുറ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.