9 January 2025, Thursday
KSFE Galaxy Chits Banner 2

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഗൂഢ തന്ത്രം

ആര്‍ അജയന്‍
September 17, 2023 4:50 am

ബിജെപി അടുത്തകാലത്തായി ആകെ പരിഭ്രാന്തിയിലകപ്പെട്ടിരിക്കുകയാണ്. ഏകീകൃത സിവിൽ നിയമം, പൗരത്വ ഭേദഗതി നിയമം, സനാതന ധർമ്മ സംരക്ഷണം, ചരിത്രം മാറ്റിമറിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍ തികഞ്ഞ ഭയാശങ്കകളാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമെന്നത് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഭയാശങ്കകൾ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളുമായി രംഗത്തുവരാൻ പ്രേരകമാകുന്നു. ‘ഇന്ത്യ’ എന്ന പേര് തന്നെ മാറ്റി ‘ഭാരത്’ എന്നാക്കാനുള്ള നീക്കം ബിജെപി-സംഘ്പരിവാർ ശക്തികളുടെ സവർണത പുനഃസ്ഥാപിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള സമഗ്രാധിപത്യ വാഴ്ചയുടെ ഭാഗമായ നടപടികളിൽ ഏറ്റവും വിചിത്രമായ ഒന്നാണ്. ഏതെങ്കിലും കാരണവശാൽ പാർലമെന്റ് ഈ ഭേദഗതി അംഗീകരിച്ചാൽ ഭരണഘടനയിൽ തിരുത്തലുകൾ വരുത്തേണ്ടി വരും. ഭരണഘടനയുടെ 300 (1) അനുച്ഛേദമനുസരിച്ച് ഇന്ത്യയുടെ നാമം ഇന്ത്യൻ യൂണിയൻ എന്നാണ്. ‘ഇന്ത്യ’ എന്ന പേര് ബിജെപിയെ ഭയപ്പെടുത്തുന്നതിന് കാരണം മോഡിക്കെതിരെയുള്ള പ്രതിപക്ഷസഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നായതാണ്.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ജൂണിൽ ആഭ്യന്തരമന്ത്രി അമിത് ഷായും നരേന്ദ്രമോഡിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ഈ തന്ത്രം ആവിഷ്കരിച്ചത്. യഥാർത്ഥ കാരണം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയാണ്. ഇതിനെത്തുടർന്ന് നിരവധി തവണ ബിജെപി ഈ കുടിലതന്ത്രവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടത്തി. രാംനാഥ് കോവിന്ദ് ആണ് ചർച്ചകൾക്കും കൂടിയാലോചനകൾക്കും മുൻകയ്യെടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കർ, യുപി മുഖ്യമന്ത്രി, കേരളം, ബംഗാൾ, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, ഒഡിഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാര്‍ എന്നിവരുമായും കൂടിയാലോചനകൾ നടന്നു. കോവിന്ദ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്തിനെ ഓഗസ്റ്റ് 29ന് സന്ദർശിച്ച് വിഷയം ചർച്ച ചെയ്തു. പ്രതിപക്ഷ കക്ഷികളുമായോ മുഖ്യമന്ത്രിമാരുമായോ ചർച്ചചെയ്യാതെ കേവലം ഒരു വർഗീയ സംഘടനയുടെ നേതാവുമായി ഭരണഘടനാപരമായി പ്രസക്തിയുള്ള ഒരു വിഷയം ബിജെപി ചർച്ചചെയ്തത് നിസാര സംഭവമല്ല. കോവിന്ദിനെ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” കമ്മിറ്റിയുടെ തലവനാക്കിയതിൽ നിന്നുതന്നെ ബിജെപിയുടെ ദുഷ്ടലാക്ക് വ്യക്തമാകുന്നു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻ രാഷ്ട്രപതി ഇത്തരത്തിലുള്ള സമിതിയുടെ തലവനാകുന്നത്.


ഇത് കൂടി വായിക്കൂ: ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


ഇന്ത്യൻ ഭരണഘടന ഫെഡറൽ സംവിധാനത്തിന് വളരെയധികം പ്രാമുഖ്യം നൽകുന്നു. ഓരോ സംസ്ഥാനത്തിന്റെയും സ്വയംഭരണാധികാരം ഭരണഘടന സുവ്യക്തമാക്കിയിട്ടുണ്ട്. അതിനുമേല്‍ കേന്ദ്രത്തിന്റെ സർവാധികാരം അടിച്ചേല്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിഷ്കരണം. 2024ല്‍ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സന്ദർഭത്തിൽ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ തീരുമാനിക്കുകയും ഫെഡറൽ സംവിധാനത്തെയും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ നിയമസഭകളുടെയും കാലാവധി ഒരിക്കലും ഏകീകൃതമല്ല എന്നത് സുനിശ്ചിതമായിരിക്കെ, കാലാവധി പൂർത്തിയാക്കാത്ത സർക്കാരുകളെ വിശേഷിച്ചും ബിജെപി ഇതര സർക്കാരുകളെ പിരിച്ചുവിടുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട അപകടം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും ജനപിന്തുണയും ഇല്ലാതാക്കുകയും കേന്ദ്ര (യൂണിയൻ) ഭരണമുപയോഗിച്ച് സർവാധികാരം സ്ഥാപിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുകയാണെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായിരിക്കും ഫലത്തിൽ പ്രാമുഖ്യം ലഭിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങളെ നിഷ്പ്രഭമാക്കാന്‍ കേന്ദ്രത്തിനു കഴിയും.
1952 മുതൽ 1967 വരെ ഇന്ത്യയിൽ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയത്തായിരുന്നു നടന്നിരുന്നത്. 1968–69 കാലത്ത് പല സംസ്ഥാന സർക്കാരുകളും കാലാവധി പൂർത്തിയാകാതെ പിരിച്ചുവിടപ്പെടുകയുണ്ടായി. ഇതിനുശേഷം ഈ പരീക്ഷണം ഇന്ത്യയിൽ അവസാനിക്കുകയായിരുന്നു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രായോഗികമായാൽ തങ്ങൾക്ക് ഹിതമല്ലാത്ത സർക്കാരുകളുടെ കാലാവധി അവസാനിപ്പിക്കാനും തങ്ങളുടെ കക്ഷികൾക്കും സഖ്യകക്ഷികൾക്കും പ്രാമുഖ്യമുള്ള സംസ്ഥാന സർക്കാരുകളുടെ കാലാവധി നീട്ടിക്കൊടുക്കാനും സാധ്യതയുണ്ട്. 2023ലും 2024ലും നടത്തേണ്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തി ബിജെപിയുടെ വിജയസാധ്യത ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷവും അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷവും ആണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്.


ഇത് കൂടി വായിക്കൂ:പുതിയ പോരാട്ടങ്ങള്‍ പ്രഖ്യാപിച്ച് മഹിളാസംഘം സമ്മേളനം


പാർലമെന്ററി സംവിധാനത്തെ അട്ടിമറിച്ച് രാഷ്ട്രപതിയെ നോക്കുകുത്തിയാക്കി രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാക്കൾ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ചെലവ് ചുരുക്കാൻ എന്ന പേരിലാണ് അമിത് ഷായും മോഡിയും ഈ പദ്ധതിയെന്ന് ആവർത്തിച്ചു പറയുന്നു. എന്നാൽ ചെലവ് ചുരുക്കാനുള്ള നിയമക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനുതന്നെ നടപ്പാക്കാവുന്നതാണ്. തെരഞ്ഞെടുപ്പിനെ ചെലവ് ചുരുക്കാനുള്ള ഒരു ആഘോഷമായിട്ടല്ല, ജനാധിപത്യ സംവിധാനത്തിന്റെ മഹത്തായ സംവിധാനമായിട്ടാണ് കാണേണ്ടത്. ബിജെപി ഇതൊരാശയമായി ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് 2014ലെ പ്രകടനപത്രികയിലാണ്. 2019ലെ പ്രകടനപത്രികയിലും ആവർത്തിച്ചു. അതിനുശേഷം വിഷയം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുചേർത്തെങ്കിലും പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനു വേണ്ടി പണം ചെലവഴിക്കുന്നത് സർക്കാരുകളല്ല അതത് രാഷ്ട്രീയപാർട്ടികളാണ്. എന്നിരിക്കെ ചെലവ് ചുരുക്കാനാണ് ഈ പദ്ധതി എന്ന ബിജെപിയുടെ പ്രചാരണം പൊളിയുന്നു. യഥാർത്ഥത്തിൽ തങ്ങളുടെ ഭരണ നേട്ടങ്ങൾ എന്ന് പറഞ്ഞുകൊണ്ട് വസ്തുതയില്ലാത്ത കാര്യങ്ങളും തങ്ങളുടെ പ്രതിലോമകരമായ ആശയങ്ങളും മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിക്കാൻ ബിജെപിയാണ് സർക്കാർ ഖജനാവിലെ ഫണ്ട് ദുർവ്യയം ചെയ്യുന്നത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ജനാധിപത്യവിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിതി ആയോഗ് മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. ഏതെങ്കിലും ഒരു മന്ത്രിസഭയ്ക്ക് എതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയാണെങ്കിൽ ആ സന്ദർഭത്തിൽ തന്നെ നിലവിലുള്ള സഭാനേതാവിനെ മാറ്റി പുതിയ സഭാനേതാവിനെ തെരഞ്ഞെടുക്കണമെന്നതാണത്.
സംസ്ഥാന തെരഞ്ഞെടുപ്പ് പ്രീപോൾ സർവേകളിലും സര്‍ക്കാര്‍ ഏജൻസികളും ബിജെപി വിരുദ്ധവികാരം ശക്തമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിലെ തോൽവി തീർച്ചയായും വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും. അതുകൊണ്ടാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടത് ‘പരാജയഭീതിയിൽ നിന്നാണ് ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കാനാണെങ്കിൽ ഇന്ദ്രജിത്ത് ഗുപ്ത റിപ്പോർട്ട് നടപ്പിലാക്കി തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിച്ചാൽ മതിയല്ലോ” എന്ന്. തെരഞ്ഞെടുപ്പ് അധികാരം കേന്ദ്രീകരിക്കാനുള്ള ഗൂഢാലോചനയാണ് ഈ നീക്കമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘ഇത് നിയമമാവണമെങ്കിൽ ഭരണഘടനാ ഭേദഗതി മാത്രം പോരാ മറിച്ച് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്’ എന്നാണ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ അഭിപ്രായം.
എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ ഈ ഭരണഘടന വിരുദ്ധമായ ആശയത്തെ അധികാര കേന്ദ്രീകരണത്തിനുള്ള നീക്കമെന്നാണ് പറഞ്ഞത്. വൈകോയെപ്പോലുള്ള പ്രാദേശിക പാർട്ടികളുടെ അസ്തിത്വം തന്നെ ഇല്ലാതാകും ഒറ്റ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ലോക്‌സഭ‑നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രമല്ല തദ്ദേശ സ്വയംഭരണങ്ങളിലെ തെരഞ്ഞെടുപ്പും ഈ നിയമപരിധിക്കുള്ളിൽ വരും.


ഇത് കൂടി വായിക്കൂ: മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!


പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ വിഷയം ബിജെപി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ കക്ഷികളുമായി ആലോചിക്കാതെയാണ് പ്രത്യേക സമ്മേളനം ചേരാൻതന്നെ തീരുമാനിച്ചത്. സമ്മേളനത്തിന്റെ അജണ്ട മുൻകൂട്ടി പ്രതിപക്ഷത്തെ അറിയിക്കുന്നതായിരുന്നു കീഴ്‌വഴക്കം. ഇതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും സിപിഐ പാർലമെന്ററി പാര്‍ട്ടി നേതാവായ ബിനോയ് വിശ്വവും അയച്ച കത്തിൽ ഒമ്പത് സുപ്രധാന വിഷയങ്ങൾ നിർദേശിക്കുകയുണ്ടായി. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം, കാർഷിക പ്രശ്നങ്ങൾ, മോഡിയുടെ പ്രിയങ്കരനായ കോർപറേറ്റ് ചങ്ങാതി അഡാനിക്കെതിരെയുള്ള അന്വേഷണം, മണിപ്പൂർ സംഘർഷം, ഹരിയാന അക്രമം തുടങ്ങിയവയാണ് ഈ നിർദേശങ്ങൾ. ലഡാക്ക്, അരുണാചൽ എന്നീ പ്രദേശങ്ങളിലെ ചൈനീസ് അധിനിവേശം, ജാതി സെൻസസ്, കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലെ വൈരുധ്യങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി രാഷ്ട്രത്തെ ആകെ ബാധിക്കുന്ന നിർണായക വിഷയങ്ങൾ ആണ് പ്രതിപക്ഷം പാർലമെന്റിൽ ചർച്ചചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ ബിജെപിക്കെതിരെ “ഇന്ത്യ“സഖ്യം രൂപീകരിച്ചത് മോഡി-അമിത് ഷാ സഖ്യത്തില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെയും ജനങ്ങളെയും ഭയക്കുകയാണ് ഫാസിസ്റ്റ് പ്രവണതയുടെ ഒരു മുഖം. ആ ഭയത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ജനാധിപത്യവിരുദ്ധവും ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന വിഷയങ്ങൾ ഒന്നൊന്നായി അവതരിപ്പിക്കുന്നത്. അക്ഷരാർത്ഥത്തിൽ വർഗീയ‑വംശീയ കലാപങ്ങൾക്കാണ് സംഘ്പരിവാർ ശക്തികൾ നേതൃത്വം നൽകുന്നത്. അതിനുവേണ്ടി ഭരണഘടന, നിയമവാഴ്ച, ജുഡീഷ്യറി, മാധ്യമപ്രവർത്തനം തുടങ്ങിയ ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണുകളെയെല്ലാം അട്ടിമറിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്രസർക്കാരും ബിജെപിയും.
ഹിറ്റ്ലർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായി ചെയ്തത് ജർമ്മൻ പാർലമെന്റിന് തീവയ്ക്കുകയും ആ കുറ്റം കമ്മ്യൂണിസ്റ്റുകാരുടെ മേൽ ചുമത്തുകയുമായിരുന്നു. ബിജെപി പാർലമെന്റിനു തീവയ്ക്കുന്നതിനു പകരം ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൗലിക തത്വങ്ങൾ ചാരമാക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.