24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

തദ്ദേശ വകുപ്പില്‍ ഒരുവര്‍ഷം തീര്‍പ്പായത് ഒരു കോടി ഫയലുകള്‍

Janayugom Webdesk
കൊച്ചി
January 1, 2024 11:11 pm

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം നടപ്പാക്കിയതുവഴി ഒരു കൊല്ലം കൊണ്ടുതന്നെ ഒരു കോടിയോളം ഫയലുകളിൽ തീർപ്പു കല്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-സ്മാർട്ട് സോഫ്റ്റ്‌വേർ ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങള്‍ക്ക് സേവനങ്ങൾ കൃത്യമായി ലഭ്യമാക്കണമെങ്കിൽ ഓഫിസ് പ്രവർത്തന സംവിധാനങ്ങളെയും സാങ്കേതികവിദ്യക്കനുസരിച്ച് നവീകരിക്കണം. അതിന്റെ ഭാഗമായാണ് സർക്കാർ ഓഫിസുകൾക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിന് ഇ‑ഓഫിസ് സംവിധാനം ഏർപ്പെടുത്തിയത്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മിഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും ഇത് നിലവിൽ വന്നു. താലൂക്ക് തലത്തിലും ഇ‑ഓഫിസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കേരള സ്പെഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ മുഖേന കേരള ജിയോ പോർട്ടൽ 2 ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ്ങും പൂർത്തിയാക്കി. ജനങ്ങളുമായി നേരിട്ടിടപെടുന്ന വകുപ്പുകളിലെല്ലാം സവിശേഷമായ ശ്രദ്ധയാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്. റവന്യു വകുപ്പിൽ എല്ലാ വില്ലേജ് ഓഫിസുകളെയും സ്മാർട്ട് ആക്കി മാറ്റുകയാണ്. റീ-സർവേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റൽ റീ-സർവേ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഒരാൾക്ക് ഒരു തണ്ടപ്പേർ ലഭ്യമാക്കുന്ന യുണീക്ക് തണ്ടപ്പേർ പദ്ധതിയും നടപ്പാക്കിവരികയാണ്. ആരോഗ്യരംഗത്ത് ഇ‑ഗവേണൻസിന്റെ ഭാഗമായി ഒരാൾക്ക് ഒരു ഹെൽത്ത് കാർഡ്, ഓൺലൈൻ അപ്പോയ്ന്റ്മെന്റ്, ടെലി മെഡിസിൻ സംവിധാനം എന്നിവ ഇ‑ഹെൽത്ത് മുഖേന നടപ്പാക്കുന്നു. 509 ആശുപത്രികളിൽ ഇത് നിലവിൽ വന്നു. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ ലഭ്യമാക്കും.
ഇന്റർനെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കിയാൽ മാത്രമേ ഇത്തരം പദ്ധതികളുടെ ഗുണഫലങ്ങൾ പൂർണമായും എല്ലാവരിലേക്കും എത്തിച്ചേരുകയുള്ളൂ. അതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കി വരികയാണ്. ഈലക്ഷ്യം കൈവരിക്കുന്നതോടെ കെ-സ്മാർട്ട് പോലെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താൻ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുവത്സര സമ്മാനം: മന്ത്രി എം ബി രാജേഷ്

മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതുവത്സര സമ്മാനമാണ് കെ സ്മാര്‍ട്ട് എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷന്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള നിര്‍മ്മിതിയിലേക്കുള്ള പുതിയ ചുവടുവയ്പാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നത്. വീണ്ടും ഇന്ത്യക്ക് മാതൃകയാവുകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
കെ സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യവസായ വകുപ്പില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കെ സ്മാര്‍ട്ടിന്റെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സ്മാര്‍ട്ട് കെ സ്വിഫ്റ്റുമായി ബന്ധിപ്പിക്കണമെന്നും മലയാളികള്‍ക്ക് ലഭിക്കുന്ന അര്‍ത്ഥവത്തായ പുതുവത്സര സമ്മാനമാണിതെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;One crore files are set­tled in a year in local department
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.