7 January 2025, Tuesday
KSFE Galaxy Chits Banner 2

ഒഎന്‍ജിസി എണ്ണപ്പാടങ്ങൾ വിദേശ കമ്പനികൾക്ക്

പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
November 21, 2021 9:55 pm

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ എണ്ണ, വാതക പാടങ്ങൾ വിദേശ കമ്പനികൾക്ക് നൽകാൻ വീണ്ടും നീക്കം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം അപകടകരമാണെന്ന് കമ്പനിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടന മുന്നറിയിപ്പ് നൽകി. ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിന് ആഭ്യന്തര ഉല്പാദനം ഉയർത്തുക എന്ന സർക്കാർ ലക്ഷ്യത്തോട് പൂർണമായും കമ്പനിയും ജീവനക്കാരും യോജിക്കുകയാണെന്നും ഇത് സാധ്യമാകണമെങ്കിൽ സ്വകാര്യമേഖല ആസ്വദിക്കുന്ന അതേ സാമ്പത്തിക സ്വാതന്ത്ര്യം ഒഎൻജിസിക്കും നൽകണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
പൊന്മുട്ടയിടുന്ന താറാവായ ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ മേഖലക്ക്​ കൈമാറാനും എണ്ണ ഖനനം ഉൾപ്പെടെ സേവനങ്ങൾ വിവിധ കമ്പനികൾക്കായി മുറിച്ചുനൽകാനും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ​ പണമാക്കി മാറ്റാനുമാണ്​ പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം. 

മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി അമർ നാഥ്​ ആണ് ഏഴിന കർമപദ്ധതി മുന്നോട്ടു വച്ചത്. 2023–24 ഓടെ എണ്ണ ഉല്പാദനം മൂന്നിലൊന്ന്​ കണ്ട് ഉയർത്തുന്നതാണ്​ പദ്ധതിയെന്ന്​ അമർ നാഥ്​ പറയുന്നു. പശ്​ചിമ തീരങ്ങളിലെ പന്ന‑മുക്​ത, രത്ന, ആർ‑സീരീസ്​ എണ്ണപ്പാടങ്ങൾ, ഗുജറാത്തിലെ ഗന്ധർ എന്നിവയിലെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക്​ വിൽക്കാനാണ് ശുപാർശ ചെയ്യുന്നത്. അടുത്ത വർഷത്തോടെ ഉല്പാദനം വർധിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന എണ്ണ സമ്പന്നമായ കെജി-ഡിഡബ്ല്യു, എൻ-98/2,പശ്​ചിമ ബംഗാളിൽ പുതുതായി ഉല്പാദനം ആരംഭിച്ച അശോക്​നഗർ എണ്ണപ്പാട​ങ്ങളിൽ വിദേശ പങ്കാളിത്തം ക്ഷണിക്കാനും നിർദേശം നൽകിയിട്ടുണ്ട്​. എണ്ണ പര്യവേക്ഷണം, ഖനനം, അനുബന്ധ സേവനങ്ങൾ, ഡേറ്റ പ്രോസസിങ്​ എന്നിവ വെവ്വേറെ കമ്പനികൾക്കു കീഴിലാക്കുന്നതും മന്ത്രാലയത്തിന്റെ ശുപാർശകളിൽ പെടുന്നു.
2017 ഒക്​ടോബറിൽ ഒഎൻജിസി യുടെ 15 എണ്ണപ്പാടങ്ങളും 79.12 കോടി ടൺ ക്രൂഡ്​ ഓയിലും 33.34 കോടി ക്യുബിക്​ മീറ്റർ പ്രകൃതി വാതകവും വില്പനക്കായി മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞ്​ 149 എണ്ണപ്പാടങ്ങൾ വില്പനാ പട്ടികയിൽ ഉൾപ്പെടുത്തി. ഒഎൻജിസിയിൽ നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് ഇത് നടക്കാതെ പോയെങ്കിലും 2019 ഫെബ്രുവരിയിൽ വീണ്ടും 64 എണ്ണപ്പാടങ്ങൾ വിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. 2019ലെ പ്രഖ്യാപനം വന്ന്​ രണ്ടുവർഷം കഴിഞ്ഞെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ്​ ഇപ്പോഴത്തെ കേന്ദ്ര നിലപാട്. 

2020–21 സാമ്പത്തിക വർഷം ഒഎൻജിസി എണ്ണപ്പാടങ്ങളിൽനിന്ന്​ 2.02 കോടി ടൺ അസംസ്​കൃത എണ്ണയാണ്​ ഉല്പാദിപ്പിച്ചത്​. 21.87 ബില്യൺ ക്യുബിക്​ മീറ്റർ പ്രകൃതിവാതകവും. രണ്ടു വർഷം കഴിയു​മ്പോഴേക്ക്​ എണ്ണ ഇരട്ടിയായും പ്രകൃതി വാതകം ഇരട്ടിയിലേറെയായും വർധിപ്പിക്കുകയാണ്​ ലക്ഷ്യം. അവ സ്വകാര്യ മേഖലക്ക് വിട്ടുനൽകാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശത്തെ കമ്പനിയുടെ ഓഫീസർമാരുടെ യൂണിയൻ ശക്തമായി എതിർക്കുന്നു. എതിർപ്പ് വ്യക്തമാക്കി ഒഎൻജിസി സയന്റിഫിക് ആൻഡ് ടെക്നിക്കൽ ഓഫീസർ അസോസിയേഷൻ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് നിവേദനം നൽകി.
ലാഭം വർധിപ്പിക്കാൻ ഒഎൻജിസിക്ക് ചെറിയ പ്രകൃതി വാതകങ്ങൾ വിപണനം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സ്ഥാപനത്തെ സഹായിക്കുന്നതിന് നിയമപരമായ അനുമതികളും അധികാരങ്ങളും പുനഃക്രമീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. മന്ത്രിയെ നേരിൽ കാണാനും ആഭ്യന്തര ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉല്പാദനം വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും യൂണിയൻ അനുമതി തേടിയിട്ടുണ്ട്.
eng­lish summary;ONGC oil fields to for­eign companies
you may also like this video;

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.