2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024

‘ഒങ്കാറ’ കൊൽക്കത്ത ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ

Janayugom Webdesk
October 28, 2023 10:00 am

29-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഉണ്ണി കെ ആർ സംവിധാനം ചെയ്ത ‘ഒങ്കാറ’ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ, മത്സരവിഭാഗത്തിലാണ് സെലക്ഷൻ കിട്ടിയത്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോടൻ മണ്ണിൽ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്നൊരു ചിത്രമാണ് ഒങ്കാറ. ഗോത്രവര്‍ഗമായ മാവിലാൻ വിഭാഗത്തിന്റെ ഭാഷയായ മർക്കോടിയിൽ ഒരുക്കിയിരിക്കുന്ന ‘ഒങ്കാറ’ ഭാഷ കൊണ്ടും ശ്രദ്ധേയമാണ്. ഈ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒങ്കാറ.

കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. പൂർവകാലത്ത് കരനെൽക്കൃഷി നടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥയാണ് ’ ഒങ്കാറ’
സുധീർ കരമനയാണ് ഒങ്കാറയിൽ മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീർ എത്തുന്നത്. ആദിവാസി വിഭാഗമായ മാവിലാൻ സമൂഹത്തിന്റെ ഇടയിൽ സംസാരഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്ന പേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ഈ ചിത്രം ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ സംസ്കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഭാഷയും സംസ്കാരവും കലയും ചരിത്രത്താളുകളിലേക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഒങ്കാറയിലൂടെ നിർവഹിച്ചിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്.

ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒങ്കാറയുടെ കഥ. പൂർണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നുവെന്നതും പ്രത്യേകതയാണ്. പുറംലോകം ഏറെക്കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധീർ കരമനയ്ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, സജിലാൽ നായർ , ആഷിക് ദിനേശ്, ജിബു ജോർജ്, റാം വിജയ്, സച്ചിൻ, ഗാന്ധിമതി തുടങ്ങിയ താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നു. വിതുര, കല്ലാർ, കാസർകോട് എന്നിവിടങ്ങളിലായിരുന്നു ഒങ്കാറയുടെ ചിത്രീകരണം.

ക്രിസ്റ്റൽ മീഡിയ, വ്യാസചിത്ര, സൗ സിനിമാസ് എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റർ: സിയാൻ ശ്രീകാന്ത്, പ്രൊജക്ട് കോ- ഓഡിനേറ്റർ: ഒ കെ പ്രഭാകരൻ. നിർമ്മാണ നിർവഹണം: കല്ലാർ അനിൽ, മേക്കപ്പ്: ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌, ഷിനു ഉഷസ്. കല: അഖിലേഷ്, ശബ്ദസംവിധാനം: രാധാകൃഷ്ണൻ, സംഗീതം: സുധേന്ദു രാജ്, പിആർഒ: എ എസ് ദിനേശ്.

Eng­lish Summary:‘Onkara’ at the Kolkata Inter­na­tion­al Film Festival
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.