15 November 2024, Friday
KSFE Galaxy Chits Banner 2

43 ലക്ഷം രൂപയുടെ ഫേയ്സ് ബുക്ക് വഴി തട്ടിപ്പിനിരയായി റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍

Janayugom Webdesk
July 28, 2022 6:05 pm

ആയുര്‍വേദ ഉത്പന്നം വിറ്റാല്‍ ഇരട്ടി ലാഭമെന്ന് വാഗ്ദാനം

ആയുര്‍വേദ ഉത്പന്നം വിറ്റാല്‍ ഇരട്ടി ലാഭമെന്ന് വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയതായി പരാതി. ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വിരമിച്ച വിദ്യാനഗറിലെ താമസക്കാരനായ 65 വയസ് പ്രായമുള്ളയാളാണ് തട്ടിപ്പിനിരയായത്. ജൂണ്‍ 9 മുതല്‍ ഈ മാസം 18 വരെയുള്ള കാലയളവിലാണ് ഇയാള്‍ തട്ടിപ്പിനിരയാകുന്നത്. ജൂണ്‍ 9 ന് എലിന്‍ സാന്‍സന്‍ എന്ന യൂറോപ്യന്‍ വംശജയുടെ പ്രൊഫൈല്‍ പിക്ചറോടെയുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന മെസേജ് വഴിയാണ് തട്ടിപ്പിന്റെ തുടക്കം. ഗ്രോത്തിഡ് എന്ന കമ്പനിക്ക് വേണ്ടിയാണ് ഇവര്‍ ജോലിചെയ്യുന്നതെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നു കിട്ടുന്ന ആയുര്‍വേദ ഉത്പന്നമായ അനിഗ്ര എന്ന ഉത്പന്നത്തിന് ഡിമാന്റ് കൂടുതലാണെന്നും ഇതിലൂടെ വന്‍ ലാഭം കൊയ്യമെന്നും പറഞ്ഞാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ ഇവര്‍ പരിചയപ്പെട്ടത്. റിട്ട. ഉദ്യോഗസ്ഥന്റെ വിശ്വാസം കൈയിലെടുത്ത് ഈ ബിസിനസ് ഡീല്‍ ഉറപ്പിക്കുകയായിരുന്നു. ഉല്‍പന്നം ഇന്ത്യയില്‍ നിന്ന് ലഭിക്കാന്‍ ഇവര്‍ തന്നെ നാലുപേരെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതില്‍ തമിഴ്നാട്ടിലെ വെല്ലൂരിലെ അനില്‍ എന്ന് പരിചയപ്പെടുത്തിയ കര്‍ഷകനില്‍ നിന്ന് തനിക്ക് അനിഗ്ര ഉത്പന്നം ലഭ്യമാക്കുകയായിരുന്നു. ഇയാളില്‍ നിന്നും ആദ്യം 8 പാക്കറ്റ് അനിഗ്ര 44000 രൂപ കൊടുത്ത് വാങ്ങിച്ചു. അനിഗ്ര ഉല്‍പന്നം ഉപയോഗ്യമാണോ എന്ന് ഉറപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് ആവശ്യമുള്ളുവെന്ന് അറിയിക്കുകയും ഇതിന്റെ ക്വാളിറ്റി പരിശോധനക്കായി യുകെയിലെ ഒരു ലാബിന്റെ പേര് ഇവര്‍ തന്നെ നിര്‍ദ്ദേശിക്കുകയുമായിരുന്നു. യുകെയിലേക്ക് അയച്ച സാമ്പിള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ഉപയോഗയോഗ്യമാണെന്ന ലാബ് റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിട്ട. ഉദ്യോഗസ്ഥന്‍ 42 ലക്ഷം രൂപക്ക് 100 പാക്കറ്റും കൂടി ഓര്‍ഡര്‍ചെയ്ത് നെതര്‍ലാന്റിലേക്ക് ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പറഞ്ഞ അ‍ഡ്രസിലേക്ക് അയച്ചു കൊടുത്തു. ഈ മാസം 18ന് റിട്ട. ഉദ്യോഗസ്ഥന്‍ ബാഗ്ലൂരില്‍ എത്തി ഒരു ഹോട്ടലില്‍ വച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരന് കുറച്ചുകൂടി ഉല്‍പ്പന്നം കൈമാറുകയും ചെയ്തു. ഇതിന്റെ ആദ്യ ഗഡുവായ 487 ഡോളര്‍ (ഇന്ത്യന്‍ രൂപ 39000) ഇയാള്‍ക്ക് നേരിട്ട് നല്‍കുകയും ബാക്കി പണം ഡോളറായി ഒരു ബോക്സില്‍ നല്‍കുകയുമായിരുന്നു. ഡോളര്‍ ഡല്‍ഹിയില്‍ വച്ച് രൂപയിലേക്ക് മാറാനാവുമെന്നും അറിയിച്ചിരുന്നു. രൂപ മാറാനുള്ള സമയമാവുമ്പോള്‍ അറിയിക്കാമെന്നും അപ്പോള്‍ മാത്രം ഈ പെട്ടി തുറക്കാന്‍ പാടുള്ളുവെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. ഒരാഴ്ചക്ക് ശേഷം ഇയാള്‍ ഫേസ്ബുക്കിലെ സ്ത്രീക്ക് മെസേജ് അയച്ചപ്പോള്‍ പെട്ടിതുറക്കാന്‍ സമയമായിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡോളര്‍ മാറാനുള്ള സമയം അറിയിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ റിട്ട. ഉദ്യോഗസ്ഥന്‍ കാസര്‍കോട് സിഐ സി അജിത്ത് കുമാറിനെ തനിക്ക് ലഭിച്ച പെട്ടിയുമായി സമീപിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ പെട്ടി തുറന്നപ്പോള്‍ 70 കെട്ടുകളുള്ള നൂറ് ഡോളര്‍ പ്രിന്റ് ചെയ്ത കടലാസാണ് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പറയുന്നത് ഇത് ഫേസ്ബുക്കിലെ തട്ടിപ്പാണെന്നാണ്. തുടര്‍ന്ന് ഫെയ്സ്ബുക്കിലെ പേരുകള്‍ പ്രകാരം ഇയാള്‍ ചാറ്റുചെയ്തിട്ടുള്ള നെതര്‍ലാന്റ് സ്വദേശികളെന്ന എലിന്‍ സാന്‍സ, മെല്‍വിന്‍, പോള്‍, ഇംഗ്ലണ്ട് കേംബ്രിഡ്ജിലെ ഡോ. ജോര്‍ജ്, തമിഴ്‌നാട് സ്വദേശി അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍ ബന്ധപ്പെട്ടിരിക്കുന്നത് ഇവരുടെ വ്യാജ അക്കൗണ്ടുകളിലൂടെയാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനുപയോഗിക്കുന്ന ഗ്രോത്തിഡ് എന്ന കമ്പനിക്ക് ഫേസ്ബുക്ക് പേജ് മാത്രമേയുള്ളു. 2021 മാര്‍ച്ച് 30ന് നിര്‍മ്മിച്ച ഇവരുടെ പേജില്‍ ആകെ മൂന്ന് പോസ്റ്റുകള്‍ മാത്രമേ ഉള്ളു. സൗജന്യ വിസയോടെ ജോലി എന്ന വാഗ്ദനം നല്‍കിയാണ് പേജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ 10 ഇന്ത്യക്കാരാണ് പേജിലെ പോസ്റ്റുകളില്‍ ഇടപെട്ടിട്ടുള്ളത്. ജില്ലയില്‍ തുടര്‍ച്ചയായി ആളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.