10 November 2024, Sunday
KSFE Galaxy Chits Banner 2

കാറ്റ് വില്ലനായതും മാറ്റ് കുറച്ചു; നാലു ദിനങ്ങളില്‍ പിറന്നത് നാല് റെക്കോഡുകള്‍ മാത്രം

സുരേഷ് എടപ്പാള്‍
തേഞ്ഞിപ്പലം
April 5, 2022 10:10 pm

റെക്കോഡുകള്‍ പിറക്കുന്നതും കാത്തിരുന്നവരെ നിരാശയിലാക്കി 25-ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. റെക്കോഡുകള്‍ക്ക് വല്ലാതെ വറുതി അനുഭവപ്പെട്ട ചാമ്പ്യന്‍ഷിപ്പില്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ആകെ പിറന്നത് നാല് റെക്കോഡുകള്‍ മാത്രം. കടുത്ത ചൂടില്‍ താരങ്ങള്‍ വലഞ്ഞപ്പോള്‍ ഇന്നലെയും ട്രാക്കിലും ഫീല്‍ഡിലും കാര്യമായ പ്രകടനങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ യില്‍ പഞ്ചാബിന്റെ കൃപാല്‍ സിങ്ങിന്റെ മീറ്റ് റെക്കോഡാണ് ഇന്നലത്തെ ഏക ആശ്വാസം. കോച്ചിന്റെ സഹായമില്ലാതെ സ്വയം പരിശീലിക്കുന്ന ഈ പഞ്ചാബുകാരന്‍ 61.83 മീറ്റര്‍ എറിഞ്ഞാണ് പുതിയ ദൂരം കുറിച്ചത്. 22 വര്‍ഷം മുമ്പ് ലക്നോ മീറ്റില്‍ അനില്‍ കുമാര്‍ സ്ഥാപിച്ച 59.55 മീറ്ററാണ് ഒഎന്‍ജിസിയിലെ ഉദ്യോഗസ്ഥനായ കൃപാല്‍ തിരുത്തിയത്. 

ഇന്ന­­ലെ മല­യാളി താരങ്ങള്‍ക്ക് സ്വര്‍ണനേട്ടമൊന്നുമില്ല. മൂന്ന് വെള്ളി നേടിയത് മാത്രമാണ് മലയാളികള്‍ക്ക് ആശ്വസിക്കാനുള്ളത്. പുരുഷന്മാരുടെ 800 മീറ്ററില്‍ പാലക്കാട്ടുകാരന്‍ പി മുഹമ്മദ് അഫ്സല്‍, കഴിഞ്ഞ ദിവസം വനിതകളുടെ ലോങ് ജംപില്‍ വെങ്കലം നേടിയ കേരള താരം സാന്ദ്ര ബാബു എന്നിവര്‍ ഇന്നലെ ട്രിപ്പിള്‍ ജംപില്‍ വെള്ളിയണിഞ്ഞു. 12.98 മീറ്ററായിരുന്നു ദൂരം. തമിഴ്‌നാടിന്റെ കാര്‍ത്തിക കോതണ്ഡപാണി 13.14 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ഹെപ്റ്റത്തലണില്‍ രാജ്യാന്താര താരമായ പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്‍മന് പിന്നില്‍ മലയാളി താരം മറീന ജോര്‍ജ് രണ്ടാമതായി. 5800 പോയിന്റാണ് സ്വപ്ന നേടിയത്. 5249 പോയിന്റ് മെറീനയും സ്വന്തമാക്കി. 

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കാറ്റിനെ പഴിച്ച് ദേശീയ താരങ്ങള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പതിവിലും കവിഞ്ഞ കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിലെ വര്‍ധനവും സര്‍വകലാശാല സ്റ്റേഡിയത്തില്‍ താരങ്ങള്‍ക്ക് ദുരിതമാകുന്നുവെന്നാണ് പറയുന്നത്. സാധാരണ ഒരു സെക്കന്‍ഡില്‍ രണ്ട് മീറ്ററാണ് ഒരു പ്രകടനത്തിനിടെ അനുവദനീയമായ കാറ്റിന്റെ വേഗത. തികച്ചും പ്രവചനാതീതമായാണ് തേഞ്ഞിപ്പലം ട്രാക്കില്‍ കാറ്റിന്റെ അവസ്ഥ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ലോങ് ജംപില്‍ 8.37 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന് ദേശീയ റെക്കോഡ് നഷ്ടമായിരുന്നു. അവസാന ദിനമായ ഇന്ന് ഒമ്പത് ഫൈനലുകള്‍ നടക്കും.

Eng­lish Summary:Only four records were get in 4 days nation fed­er­a­tion cup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.