പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മധുരയിൽ സിപിഐ(എം) 24–ാം പാർട്ടി കോൺഗ്രസിന് ഉജ്വല തുടക്കം. പടപ്പാട്ടുകളും തമിഴ് നാടോടി കലകളും ആവേശമുയര്‍ത്തിയ അന്തരീക്ഷത്തിൽ മുതിർന്ന നേതാവ് ബിമൻ ബോസ് സീതാറാം യെച്ചൂരി നഗറിലെ ബുദ്ധദേവ് ഭട്ടാചാര്യ കവാടത്തിൽ പതാക ഉയർത്തി. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പോളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ നവഫാസിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ വിപുലീകരിക്കുകയും ചെയ്യേണ്ട സമയമാണിത്. പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. ഹിന്ദുത്വ നവഫാസിസത്തിനെതിരെ പോരാടാനും അതിനെ ചെറുക്കാനും പ്രത്യയശാസ്ത്രപരമായ ശേഷിയും ബോധ്യവും ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കുന്നതിന് സിപിഐ(എം) എല്ലാ ഇടതുപക്ഷ ശക്തികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും കാരാട്ട് പറഞ്ഞു.
യുഎസ് സാമ്രാജ്യത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹിന്ദുത്വ‑കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെയാണ് മോഡി സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്നത് ആരാണ്? ഗൗതം അഡാനിയുടെയും മുകേഷ് അംബാനിയുടെയും ഉറ്റതോഴൻ ആരാണ്? ആർഎസ്എസിനോട് പരിപൂർണ വിശ്വസ്തത പുലർത്തുന്നത് ആരാണ്? മൂന്ന് ചോദ്യത്തിനും ഒറ്റ ഉത്തരമാണെന്നും അത് നരേന്ദ്ര മോഡിയും ബിജെപിയും എന്നാണെന്നും കാരാട്ട് പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങൾ ചെറുക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നിൽനിൽക്കുന്നു. ജനക്ഷേമപരമായ ബദൽനയങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അധികാരവും സംരക്ഷിക്കുന്നതിലും കേരള സർക്കാർ പ്രധാന പങ്ക് വഹിച്ചുവരുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മണിക് സര്‍ക്കാര്‍ അധ്യക്ഷനായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ അഭിസംബോധന ചെയ്തു.
അന്തരിച്ച നേതാക്കളായ സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേവ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സമ്മേളനം സ്മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടും, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. പി ബി അംഗം ബി വി രാഘവലു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിക് സർക്കാർ കൺവീനറായുള്ള ഏഴംഗ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഇന്ന് ഫെഡറലിസം ഇന്ത്യയുടെ ശക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.