ഇടുക്കി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഒരുമാസം മുമ്പ് തകരാർ കണ്ടുപിടിച്ചിട്ടും നന്നാക്കാൻ നടപടിയില്ലാത്തതാണ് പ്രശ്നമായത്. ഒരുവർഷമായി എച്ച്എംസി യോഗം കൂടിയിട്ട്. കോവിഡ് കാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റവും പുതിയ പ്ലാന്റാണ് മെഡിക്കൽ കോളജിൽ സ്ഥാപിച്ചിരുന്നത്. കോവിഡ് കാലത്ത് ഓക്സിജൻ ആവശ്യത്തിന് കിട്ടാൻ തടസ്സം നേരിട്ടതിനെത്തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് കേടയതിനെത്തുടർന്ന് അമിതവില നൽകി സ്വകാര്യ ഏജൻസിയിൽനിന്നാണ് ഇപ്പോൾ ഓക്സിജൻ വാങ്ങുന്നത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഭാഗികമാണ്.
മഴക്കാലമായതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് പനിയും മറ്റുപല രോഗങ്ങളുമായി രോഗികൾ എത്തുന്നുണ്ടെങ്കിലും ഗുരുതരമായ രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ്. പാവപ്പെട്ട രോഗികൾക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കാത്ത്ലാബ് പ്രഖ്യാപിച്ച് ഒരുവർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തിൽ ഓപറേഷൻ തിയറ്റർ ആരംഭിക്കുമെന്ന വാഗ്ദാനവും ഒരുവർഷം കഴിഞ്ഞിട്ടും നടപ്പായില്ല. പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ വിദ്യാർഥി പ്രതിനിധികളെ വിളിച്ചുവരുത്തി ചർച്ച നടത്തുകയും മൂന്ന് മാസത്തിനകം മന്ത്രി ഇടുക്കിയിൽ നേരിട്ടെത്തി കുറവുകൾ പരിഹരിക്കാമെന്നും മൂന്നു മാസത്തിനകം ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കാമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.